ശ്രീനഗർ: ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ഇന്നലെ രാത്രിയിൽ കത്വയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജവാൻ കൊല്ലപ്പെട്ടത്. കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും വധിക്കുകയും ചെയ്തു. റിയാസിലിനും കത്വയ്ക്കും പിന്നാലെ ദോഡയിലും ഇന്നലെ വെടിവെയ്പ്പ് നടന്നു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഓഫീസർക്കും പരിക്കേറ്റു.
ദോഡയില്‍ ആര്‍മി ക്യാംപിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് ദിവസങ്ങൾക്കിടെ ജമ്മു മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ദോഡയിലുണ്ടായത്. ഞായറാഴ്ച റിയാസിയിൽ ഒൻപതുപേർ കൊല്ലപ്പെട്ടികുന്നു.
ഈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരന്റെ രേഖചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. കത്വയിലെ ഹിരാനഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിലെത്തിയ ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർത്തിരുന്നു. രണ്ട് നാട്ടുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.