കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിൽ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പെടെ ഒട്ടേറെ ഉഇന്ത്യക്കാർ ഉണ്ടെന്നാണ് സൂചന. ആവശ്യമായ സജ്ജീകരണങ്ങൾ രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ജോലി കഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് ദുരന്തം എന്നത് മരണ സംഖ്യ ഉയരാൻ കാരണമായി.
ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരിക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലം പൊലീസിൻ്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.
കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫൊറൻസിക് എവിഡൻസ് സംഘം കെട്ടിടത്തിൽ എത്തി പരിശോധന ആരംഭിച്ചു..