വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും നിർമിത ബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ മാർപാപ്പ ജി 7 ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
സായുധ പോരാട്ടങ്ങൾ ദുരന്തം വിതയ്‌ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എഐ നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും പുനർവിചിന്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പാപ്പ മുന്നറിയിപ്പ് നൽകിയത്.
ഒരേ സമയം ആവേശവും ഭീഷണിയുമാണ് നിർമിത ബുദ്ധി നൽകുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാനായി ഒരു യന്ത്രത്തെയും ഒരിക്കലും അനുവദിക്കരുത്. മറിച്ചാണെങ്കിൽ മനുഷ്യരാശിയെയും മാനുഷിക അന്തസെന്ന സങ്കൽപ്പത്തെയും ഇരുട്ടിലാക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
വൈദ്യശാസ്ത്രം, തൊഴിൽ ശക്തി, ആശയവിനിമയം, വിദ്യാഭ്യാസം, രാഷ്‌ട്രീയം എന്നിവയെ എഐ സ്വാധീനിക്കും. ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും. പുതിയ സാമൂഹിക വ്യവസ്ഥ, ജനാധിപത്യവൽക്കരണം, ശാസ്ത്രീയ ഗവേഷണത്തിനെ ത്വരിതപ്പെടുത്തുക എന്നിവയ്‌ക്ക് പുറമേ അനീതിയും ആധിപത്യവും സ്ഥാപിക്കാനും ആളുകളെ ഒരേ സമയം പ്രേരിപ്പിക്കുന്നുണ്ട് അതിനാൽ നീക്കത്തെ നാം അപലപിക്കണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ജി 7 ഉച്ചകോടിയിൽ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സെഷനിലാണ് മാർപാപ്പ ഭാഗമായത്. ഇതാദ്യമായാണ് ഒരു മാർപാപ്പ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.