ന്യൂഡല്‍ഹി: ആണവായുധ ശേഖരത്തില്‍ ഇന്ത്യ പാകിസ്ഥാന് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കൈവശം 172 ആണവായുധ ശേഖരമാണുള്ളത്. ഇവ പാകിസ്ഥാനേക്കാള്‍ രണ്ടെണ്ണം കൂടുതലാണെന്നും സ്വീഡിഷ് തിങ്ക്-ടാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം വരെ ഇത് 164 ആയിരുന്നു. 2023 ലാണ് ഇന്ത്യ ആണവായുധ ശേഖരത്തില്‍ വര്‍ധനവുണ്ടായിക്കിയത്. ഇരു രാജ്യങ്ങളും 2023 ല്‍ കൂടുതല്‍ ന്യൂക്ലിയര്‍ ആയുധനങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചൈനയിലുടനീളമുള്ള ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിവുള്ളവ ഉള്‍പ്പെടെ ദീര്‍ഘ ദൂര ആയുധങ്ങള്‍ക്കാണ് ഇന്ത്യ ഊന്നല്‍ കൊടുത്തിരിക്കുന്നതെന്ന് സ്വീഡിഷ് തിങ്ക്-ടാങ്ക് വ്യക്തമാക്കുന്നു.
ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നിലധികം പോര്‍മുനകള്‍ വിന്യസിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉത്തര കൊറിയയും റഷ്യയുടെയും അമേരിക്കയുടെയും പാത പിന്തുടരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
2023 ജനുവരി മുതല്‍ 2024 ജനുവരി വരെ ചൈന ആണവായുധ ശേഖരം 410 ല്‍ നിന്ന് 500 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകം രണ്ട് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തില്‍ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ തങ്ങളുടെ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുന്നതായി കണ്ടെത്തി.
അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഉത്തര കൊറിയ, ഇസ്രയേല്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ആണവായുധങ്ങളുടെ 90 ശതമാനവും റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണുള്ളത്.
2100 ഓളം ആണവായുധ ശേഖരങ്ങള്‍ കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയും ചേര്‍ന്നാണ്. ആധുനിക സംവിധാനമുള്ള ബാലിസ്റ്റിക് മിസൈലാണ് കൂടുതലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നിരവധി രാജ്യങ്ങള്‍ 2023 ല്‍ പുതിയ ആണവ ശേഷിയുള്ള ആയുധ സംവിധാനങ്ങള്‍ വിന്യസിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.