ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. നരേന്ദ്ര മോഡി സര്‍ക്കാര്‍ മൂന്നാമത് അധികാരത്തിലെത്തിയ ശേഷം ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് സന്ദര്‍ശനം.
സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹിയില്‍ എത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച പ്രധാനമന്ത്രിയുമായി ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ജൂലൈയില്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്.