പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ യഹൂദ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ അറസ്റ്റിലായി. പത്തൊമ്പത് വയസുള്ള യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. തീവ്രവാദ ആക്രമണത്തിനു ഗൂഢാലോചന നടത്തുകയും ആയുധം കൈവശംവയ്ക്കുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവര്‍ പാരീസിലെ യഹൂദകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നു പോലീസ് പറയുന്നു. ഇത്തരം കേസുകളില്‍ പിടിയിലാകുന്നത് കൂടുതലും കൗമാരക്കാരാണെന്നതില്‍ ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേനകള്‍ ആശങ്ക പ്രകടിപ്പിച്ചു.
അതിനിടെ, പാരീസിലെ സിനിമാ തിയേറ്ററിന് പുറത്ത് ശനിയാഴ്ച യഹൂദരായ ആറ് കുട്ടികള്‍ ആക്രമിക്കപ്പെട്ടതായി ഫ്രഞ്ച് പത്രമായ ലെ ഫിഗാരോ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് അക്രമികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ യഹൂദവിരുദ്ധ അധിക്ഷേപം ചൊരിയുകയും അവരില്‍ ഒരാളെ പലതവണ തല്ലുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഇസ്രേയേല്‍ സേന ഗാസയില്‍ പ്രത്യാക്രമണം തുടങ്ങിയശേഷം ആഗോളതലത്തില്‍ യഹുദരെ ലക്ഷ്യമിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച പാരീസ് പ്രാന്തത്തില്‍ 12 വയസുള്ള യഹൂദബാലികയെ സമപ്രായക്കാരായ മൂന്ന് ആണ്‍കുട്ടികള്‍ മാനഭംഗപ്പെടുത്തിയിരുന്നു. അക്രമികള്‍ പെണ്‍കുട്ടിയെ മതപരമായി അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂലൈയില്‍
ജൂലൈയില്‍ പാരീസില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് ഇത്തരം ആക്രമണങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.