ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. നിക്കോളായ്
മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികള്‍ക്കും സിനഗോഗിനും നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വൈദികനെയോര്‍ത്ത് കണ്ണീരണിഞ്ഞ് ഇടവകാംഗങ്ങള്‍. ഓര്‍ത്തഡോക്‌സ് വൈദികനായ ഫാ. നിക്കോളായ് കോട്ടെല്‍നിക്കോവിനെയാണ് പള്ളിയില്‍ ഇടവകാംഗങ്ങള്‍ക്കു മുന്നില്‍ വച്ച് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. ഡെര്‍ബെന്റിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാല്‍പ്പത് വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഫാ. നിക്കോളായ്.
ഡെര്‍ബെന്റിലെ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ ചര്‍ച്ച് ഓഫ് ഇന്റര്‍സെഷന്‍സില്‍ ഞായറാഴ്ച വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു സംഭവം. പള്ളിയിലേക്ക് അതിക്രമിച്ചുകയറിയ തീവ്രവാദികള്‍ 66 കാരനായ വൈദികനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പള്ളിയില്‍ ജോലി ചെയ്തിരുന്ന മിഖായേല്‍ എന്ന സെക്യൂരിറ്റി ജീവനക്കാരനും അക്രമികളുടെ വെടിയേറ്റു. മറ്റ് വൈദികര്‍ പെട്ടെന്ന് പള്ളിയില്‍ കയറി ഉള്ളില്‍ നിന്നും പൂട്ടിയതിനാല്‍ രക്ഷപ്പെട്ടു.
1980 കളുടെ തുടക്കത്തില്‍, റഷ്യയിലെ മത നിയമങ്ങളില്‍ മാറ്റം വന്നുകൊണ്ടിരുന്ന കാലത്താണ് ഫാ. നിക്കോളായ് കോട്ടെല്‍നിക്കോവ് തെക്കന്‍ റഷ്യന്‍ നഗരമായ സ്റ്റാവ്രോപോളില്‍ നിന്ന് ഡാഗെസ്താനിലേക്ക് നിയോഗിക്കപ്പെട്ടത്. നാല് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഡെര്‍ബെന്റിലുള്ള വാഴ്ത്തപ്പെട്ട കന്യാമറിയത്തിന്റെ മധ്യസ്ഥ പള്ളിയില്‍ (Church of the Intercession of the Holy Virgin of Derbent) സേവനമനുഷ്ഠിക്കുകയായിരുന്നു. ജറുസലേമില്‍ നിന്ന് റഷ്യയിലേക്ക് 'വിശുദ്ധ അഗ്‌നി' എത്തിക്കുന്ന ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.
പ്രശസ്തനും ആദരണീയനുമായിരുന്ന അദ്ദേഹത്തിന്റെ കൊലപാതകം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫാദര്‍ നിക്കോളയുടെ കൊലപാതകം മേഖലയിലെ മതനേതാക്കളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവരെ സേവിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച ഫാദര്‍ നിക്കോളായുടെ മരണം ഡാഗെസ്താനിലെ ജനങ്ങള്‍ക്കും തീരാനഷ്ടമായി.
തെക്കന്‍ റഷ്യന്‍ പ്രദേശമായ ഡാഗെസ്താനിലെ സിനഗോഗിനും രണ്ട് ഓര്‍ത്തഡോക്സ് പള്ളികള്‍ക്കും ട്രാഫിക് പോലീസ് സ്റ്റേഷനും നേരെ ഞായറാഴ്ച അജ്ഞാതരായ അക്രമികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 17 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു, അവരില്‍ 27 പേര്‍ നിയമപാലകരാണ്. മൊത്തം നാല് തീവ്രവാദികളെ മഖച്കലയില്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതായി പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് അനുമാനം.