വാഷിങ്ടൺ: അത്യുക്ഷണത്തെ തുടർന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ. വാഷിങ്ടൺ ഡിസിയിലെ ഒരു എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിച്ചിരുന്ന ആറ് അടി ഉയരമുള്ള പ്രതിമയാണ് ഉരുകിയത്. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരൻഹീറ്റായിരുന്നു വാഷിങ്ടൺ ഡിസിയിലെ താപനില.
പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റായ സാൻഡി വില്യംസ് പണി കഴിപ്പിച്ച പ്രതിമ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസൺ എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിക്കപ്പെട്ടത്. പ്രതിമ സ്ഥാപിച്ച് വെറും നാല് മാസം പിന്നിടുമ്പോഴാണ് നിർഭാഗ്യകരമായ അവസ്ഥ. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകൾ ഉടലിൽ നിന്ന് വേർപെട്ട അവസ്‌ഥയിലുമാണ് നിലവിലുള്ളത്.
പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതർ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയിൽ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതർ പറയുന്നു.