'വോക്കല്‍ ഫോര്‍ ലോക്കലി'ന് ഇതിനേക്കാള്‍ മികച്ച ഉദാഹണമുണ്ടോ'? അട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി' കുടകളെ പുകഴ്ത്തി മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

'വോക്കല്‍ ഫോര്‍ ലോക്കലി'ന് ഇതിനേക്കാള്‍ മികച്ച ഉദാഹണമുണ്ടോ'? അട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി' കുടകളെ പുകഴ്ത്തി മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി' കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് പ്രധാനമന്ത്രി എടുത്തു പറഞ്ഞത്.

'കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്നത്. ഈ വര്‍ണ ശബളമായ കുടകള്‍ കാണാന്‍ നയന മനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാല്‍, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിര്‍മിക്കുന്നത്'- മോഡി പറഞ്ഞു.

രാജ്യത്ത് കുടകള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുകയാണെന്നും കാര്‍ത്തുമ്പി കുടകള്‍ രാജ്യത്തുടനീളം ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. വട്ടലക്കി കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിര്‍മിക്കുന്നത്.

ഈ സൊസൈറ്റിയെ നയിക്കുന്നത് നമ്മുടെ സ്ത്രീ ശക്തിയാണ്. വനിതകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ന്, കാര്‍ത്തുമ്പി കുടകള്‍ കേരളത്തിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 'വോക്കല്‍ ഫോര്‍ ലോക്കലി'ന് ഇതിനേക്കാള്‍ മികച്ച ഉദാഹണമുണ്ടോ'- മോഡി ചോദിച്ചു.

ഭരണഘടനയോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വരാനിരിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ചിയര്‍ ഫോര്‍ ഇന്ത്യ' ഹാഷ് ടാഗ് പ്രചരിപ്പിക്കണമെന്നും മോഡി നിര്‍ദേശിച്ചു.

മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ മന്‍ കി ബാത്ത് ആണ് ഇന്നത്തേത്. പരിപാടിയുടെ 111-ാം എപ്പിസോഡാണിത്. 22 ഇന്ത്യന്‍ ഭാഷകള്‍ക്കും 29 ഉപ ഭാഷകള്‍ക്കും പുറമെ 11 വിദേശ ഭാഷകളിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.