ഛിന്നഗ്രഹങ്ങള്‍ ഭീഷണി തന്നെ; ഒന്ന് ഇടിച്ചാല്‍ സര്‍വ നാശം': പ്രതിരോധിക്കാന്‍ നാസയ്‌ക്കൊപ്പം ഐഎസ്ആര്‍ഒയും

ഛിന്നഗ്രഹങ്ങള്‍ ഭീഷണി തന്നെ; ഒന്ന് ഇടിച്ചാല്‍ സര്‍വ നാശം':  പ്രതിരോധിക്കാന്‍ നാസയ്‌ക്കൊപ്പം ഐഎസ്ആര്‍ഒയും

പത്ത് കിലോ മീറ്ററോ അതിലധികമോ നീളമുള്ള ഛിന്ന ഗ്രഹങ്ങളെല്ലാം വലിയ അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. ഇവ ഇടിച്ചാല്‍ ഭൂമിയിലെ സകല ജീവജാലങ്ങളും ഇലാതായി പോകും.

ന്യൂഡല്‍ഹി: ഛിന്ന ഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങളൊരുക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്കൊപ്പം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥാണ് ഇക്കാര്യമറിയിച്ചത്.

അപോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹം 2029 ഏപ്രില്‍ പതിമൂന്നിന് ഭൂമിക്ക് വെറും 370 മീറ്റര്‍ മാത്രം ദൂര വ്യത്യാസത്തിലാണ് കടന്നു പോകുന്നത്. വളരെ ചെറിയ ദൂര വ്യത്യാസത്തില്‍ മാത്രം കടന്നു പോകുന്ന ഇതിന്റെ സഞ്ചാര പാത വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. സഞ്ചാര പാതയില്‍ നേരിയ മാറ്റം സംഭവിച്ചാല്‍ അത് ഭൂമിക്ക് വലിയ ഭീഷണി ഉയര്‍ത്തും.

1908 ജൂണില്‍ സൈബീരിയയിലെ വിദൂര പ്രദേശമായ ടുങ്കുഷ്‌കയില്‍ സംഭവിച്ചതിന് തന്നെ ഇതിന് ഉദാഹരണമാണ്. 2,200 സ്‌ക്വയര്‍ കിലോ മീറ്ററുള്ള വനമാണ് പൂര്‍ണമായും തരിശായി പോയത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്നുള്ള വായു വിസ്ഫോടനമായിരുന്നു കാരണം. അപോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹം അതുപോലൊന്നാണ്.

പത്ത് കിലോ മീറ്ററോ അതിലധികമോ നീളമുള്ള ഛിന്ന ഗ്രഹങ്ങളെല്ലാം വലിയ അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. ഇവ ഇടിച്ചാല്‍ ഭൂമിയിലെ സകല ജീവജാലങ്ങളും ഇലാതായി പോകും.

വെറുമൊരു വായു വിസ്ഫോടനത്തില്‍ ഇത്രയധികം ദൂരത്തെ വനം തരിശു ഭൂമിയായി മാറിയെങ്കില്‍ ചിന്തിച്ച് നോക്കാവുന്നതേയുള്ളൂ അപോഫിസിന്റെ കരുത്ത്. അതുകൊണ്ട് തന്നെ നാസ അടക്കമുള്ളവര്‍ ഭീമാകാരങ്ങളായ ഛിന്ന ഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

പ്രപഞ്ചത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചിരുന്നുവെന്ന് കാണാമെന്ന് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹം ജൂപിറ്ററിനെ ഇടിക്കുന്നത് കണ്ടിരുന്നു.

ഇത് ഭൂമിയില്‍ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ ഇല്ല. ഈ ഭൂമി തന്നെ പൂര്‍ണമായും നശിക്കും. എല്ലാ ജീവജാലങ്ങളും ഇല്ലാതാവും. ഇത് നടക്കാന്‍ സാധ്യതയുള്ളതാണ്. നമ്മള്‍ തീര്‍ച്ചയായും തയ്യാറെടുക്കണം. ഭൂമിയില്‍ ഇത്തരമൊരു ദുരന്തം നടക്കരുത്. മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങളും ഇവിടെ ജീവിക്കേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി.

ഛിന്നഗ്രഹങ്ങളുടെ ഗതി മാറ്റുക, അവയുടെ വരവ് പ്രവചിക്കുക തുടങ്ങിയ കാര്യങ്ങളാണ് കൂടുതല്‍ ശക്തമാക്കേണ്ടത്. ചില സമയങ്ങളില്‍ ഇവയുടെ സഞ്ചാര പഥം പ്രവചിക്കാനേ സാധിക്കില്ല. സാങ്കേതിക വിദ്യയെ കൂടുതലായി വികസിപ്പിക്കേണ്ടതുണ്ട്.

ബഹിരാകാശത്തെത്തി ഈ ഛിന്നഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കണം. നേരത്തെ കൈനറ്റിക് ഇംപാക്ടര്‍ സാങ്കേതിവിദ്യ വിജയകരമായി വിക്ഷേപിക്കുകയും മടങ്ങി വരികയും ചെയ്തിരുന്നു. ഛിന്ന ഗ്രഹങ്ങളില്‍ നിന്ന് സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു.

ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഐഎസ്ആര്‍ഒയും നടപടികള്‍ ആരംഭിച്ചതായി സോമനാഥ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് പൂര്‍ണമായും നമുക്ക് കാണാനാവും. ഇന്ത്യ ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച് നിന്നാണ് ഇവയെ നേരിടേണ്ടത്. ടെക്നിക്കല്‍-പ്രോഗ്രാം മികവുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.