'അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു: ഭൂമി, വീടുകള്‍... മണിപ്പൂരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 600 വീടുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇംഫാല്‍ അതിരൂപത

'അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു: ഭൂമി, വീടുകള്‍... മണിപ്പൂരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 600 വീടുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇംഫാല്‍ അതിരൂപത

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഇംഫാലിലെ കത്തോലിക്കാ അതിരൂപത വീടുകള്‍ വച്ചു നല്‍കും. ഇതിനായി ഭവന പുനരധിവാസ പദ്ധതി ആരംഭിച്ചു. ക്രിസ്ത്യാനികളായ 600 റോളം കുക്കി വംശജര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നതെന്ന് അതിരൂപത വികാരി ജനറല്‍ ഫാ. വര്‍ഗീസ് വേലിക്കകം വെളിപ്പെടുത്തി.

2025 ഫെബ്രുവരിയോടെ ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഭാവന സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചിരിക്കുകയാണ്. സംഭാവനകള്‍ നല്‍കുന്നതിന് 2024 ഓഗസ്റ്റ് വരെ സമയമുണ്ട്. ഈ സംഭാവനകള്‍ നല്‍കാന്‍ 'കുറഞ്ഞത് 500 രൂപ മണിപ്പൂരിലേയ്ക്ക്' എന്ന പേരില്‍ ഒരു പരിപാടിയും കോണ്‍ഫറന്‍സ് ഓഫ് ഡയോസിസന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

'മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ മുന്‍ബി, സിംഗങാട്ട് ഇടവകയിലെ കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികള്‍ പുതുതായി നിര്‍മ്മിച്ച വീടുകളില്‍ താമസം ആരംഭിച്ചു. മണിപ്പൂരിലെ അക്രമത്തിന്റെ ഇരകളാണിവര്‍. ഇവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, വിവിധ രൂപതകള്‍ എന്നിവയുടെ സഹകരണത്തിന് നന്ദി'- ഫാ. വര്‍ഗീസ് വേലിക്കാകം പറഞ്ഞു.

കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ മുക്കാല്‍ ഭാഗത്തിലധികം ആളുകള്‍ ഇപ്പോഴും സംസ്ഥാനത്ത് തന്നെയുണ്ട്. അതേസമയം അഞ്ചിലൊന്ന് പേര്‍ അയല്‍ സംസ്ഥാനമായ മിസോറാമിലേക്കും ബാക്കിയുള്ളവര്‍ നാഗാലാന്‍ഡിലേക്കും അസമിലേക്കും മാറിയിട്ടുണ്ട്. 45,000 പേര്‍ കൂടി കാങ്‌പോക്പി ജില്ലയില്‍ അഭയം പ്രാപിച്ചു.

ചന്ദേല്‍ ജില്ലയിലെ സെന്റ് ജോസഫ് ഇടവക സുഗ്‌നുവില്‍ നിന്നുള്ള കത്തോലിക്കര്‍ക്കായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടത്തുന്നുണ്ട്. ഈ ഇടവകയിലെ കത്തോലിക്കരില്‍ ഏകദേശം 1,200 കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. കൂടാതെ ഇംഫാലിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍ പൂര്‍ണമായും കലാപത്തില്‍ തകര്‍ന്നിരുന്നു.

'അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു: ഭൂമി, വീടുകള്‍, വാഹനങ്ങള്‍, ഉപജീവനമാര്‍ഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ. അതിനാല്‍ ഈ ജനങ്ങളെ സുരക്ഷിതമായ താമസം എന്ന അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്നതിനായി എല്ലാവരെയും ക്ഷണിക്കുകയാണ് ഇംഫാല്‍ രൂപത'- വികാരി ജനറല്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.