ചണ്ഡിഗഡ് - ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; കോച്ചുകള്‍ തലകീഴായി മറിഞ്ഞു: നാല് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചണ്ഡിഗഡ് - ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; കോച്ചുകള്‍ തലകീഴായി മറിഞ്ഞു: നാല് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ലഖ്‌നൗ: ചണ്ഡിഗഡില്‍ നിന്നും ദിബ്രുഗഡിലേക്ക് പുറപ്പെട്ട ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ജിലാഹി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. പത്ത് മുതല്‍ 12 കോച്ചുകള്‍ മറിഞ്ഞെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തില്‍ ട്രെയിനിന്റെ എസി കോച്ചുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചണ്ഡിഗഡില്‍ നിന്നും ദിബ്രുഗഡിലേക്ക് സ്ഥിരം സര്‍വീസ് നടത്തുന്ന ട്രെയിനാണ് ദിബ്രുഗഡ് എക്‌സ്പ്രസ്. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

അപകടസ്ഥലത്തേക്ക് 40 അംഗ മെഡിക്കല്‍ സംഘത്തെയും 15 ആംബുലന്‍സുകളും അയച്ചിട്ടുണ്ട്. സംഭവം നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്.

ജിലാഹി റെയില്‍വേ സ്‌റ്റേഷന്‍ എത്തുന്നതിന് ഏതാനും കിലോ മീറ്ററുകള്‍ക്ക് മുന്‍പ് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നു പോകേണ്ടിയിരുന്ന മറ്റ് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടതായി നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.