മുംബൈ: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി) തീരുമാനം. ഇതുസംബന്ധിച്ച നോട്ടീസ് കമ്മിഷന്‍ പുറത്തു വിട്ടു. പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങള്‍ പൂജ വ്യാജമായി ചമച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പൂജയ്‌ക്കെതിരെ പരാതി സമര്‍പ്പിക്കും. സെലക്ഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാനും ആവശ്യപ്പെടും. അവരുടെ മറുപടി അനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്നും ഇവരെ വിലക്കിയേക്കാമെന്നും യു.പി.എസ്.സി. വ്യക്തമാക്കി.
പുനെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റിയിരുന്നു.
പിന്നാലെ പൂജ ഖേദ്കറിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നു. 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പിന്നാലെ വന്ന ആരോപണം.
കാഴ്ച പരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി പരീക്ഷയെഴുതിയത്. ഒ.ബി.സി വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായും അതിനിടെ വാര്‍ത്ത വന്നു. നവി മുംബൈ പൊലീസ് മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.