'വന്ദേ മാതരം, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വേണ്ട': അംഗങ്ങളുടെ പെരുമാറ്റം ചട്ടം ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍

'വന്ദേ മാതരം, ജയ് ഹിന്ദ് തുടങ്ങിയ  മുദ്രാവാക്യങ്ങള്‍ വേണ്ട': അംഗങ്ങളുടെ പെരുമാറ്റം ചട്ടം ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്‍പായി അംഗങ്ങള്‍ക്കുള്ള പെരുമാറ്റ സംഹിത ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍. നേരത്തെ പുറത്തിറക്കിയ അംഗങ്ങള്‍ക്കുള്ള കൈപുസ്തകത്തിന്റെ ഭാഗങ്ങളാണ് പുതിയ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാവരും ചെയറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അകത്തോ, പുറത്തോ വന്ദേ മാതരം, ജയ് ഹിന്ദ് തുടങ്ങി ഒരു തരത്തിലുമുള്ള മുദ്രാവാക്യം വിളികളും പാടില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു.

തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 12 ന് അവസാനിക്കും. എല്ലാ അംഗങ്ങളും പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കണമെന്നും അണ്‍പാര്‍ലമെന്ററി പദ പ്രയോഗങ്ങള്‍ ഒഴിവാക്കണണെമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഒരു പ്രത്യേക വാക്കോ, പദ പ്രയോഗമോ പാര്‍ലമെന്ററി വിരുദ്ധമാണെന്ന് ചെയര്‍ അഭിപ്രായപ്പെട്ടാല്‍ മറ്റൊരു ചര്‍ച്ചയും നടത്താതെ അത് പിന്‍വലിക്കണം. ഒരോ അംഗവും സഭയിലേക്ക് വരുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ചെയറിനെ വണങ്ങണം
.
ഒരംഗം മറ്റൊരു അംഗത്തെയോ മന്ത്രിയെയോ വിമര്‍ശിച്ചാല്‍ അതിന്റെ മറുപടി കേള്‍ക്കാന്‍ വിമര്‍ശകന്‍ സഭയില്‍ ഉണ്ടായിരിക്കണമെന്നും മറുപടി പറയുമ്പോള്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ലമെന്റ് ചട്ടത്തിന് വിരുദ്ധമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് 23 ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റ് പാസാക്കി സമ്മേളനം പിരിയും. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിരിക്കും ഇത്തവണത്തേത്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഘടക കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഏതൊക്കെ പുതിയ നിര്‍ദേശങ്ങള്‍ ബജറ്റില്‍ കൊണ്ടുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.