വിൽനിയസ് : ലിത്വാനിയയിലെ വിൽനിയസ് എയർപോർട്ടിന് സമീപം ലാൻഡിങ്ങിന് മുൻപായി വിമാനം തകർന്നുവീണു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വീടിന് മുകളിലാണ് എയർക്രാഫ്റ്റ് പതിച്ചത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡിഎച്ച്എല്ലിന് വേണ്ടി സ്വിഫ്റ്റ് എയർലൈൻ പറത്തിയ ബോയിംഗ് 737 - 400 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കാർഗോ വിമാനമായിരുന്നു. ജർമനിയിലെ ലീപ്സിഗിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡിങ്ങിന് തൊട്ടുമുൻപായി തകർന്നു വീഴുകയായിരുന്നു.
വീടിന് മുകളിലാണ് വിമാനം വീണതെങ്കിലും വീട്ടുകാരെല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. 12 പേരാണ് വീട്ടിലുണ്ടായിരുന്നത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. വിമാനം തകർന്ന് വീഴുന്നതിന് മുൻപ് പൊട്ടിത്തെറി സംഭവിച്ചിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.