വാഷിങ്ടണ്‍ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആഫ്രിക്കയെ പുതിയ താവളമാക്കിയിരിക്കുകയാണെന്നും ആഫ്രിക്കയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്ക് വലിയ ഭീഷണിയായി മാറുമെന്നും യു.എസിന്റെ ഉന്നത ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. ആഫ്രിക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വളര്‍ന്നുവരുന്നത് യുഎസിന്റെ താല്‍പര്യങ്ങള്‍ക്ക് ദീര്‍ഘകാല ഭീഷണിയാണെന്ന് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവന്‍ ബ്രെറ്റ് ഹോംഗ്രെന്‍ പറഞ്ഞു.
ഇന്ന് ഐസിന്റെ ഏറ്റവും വലിയ ഫലഭൂയിഷ്ഠമായ മണ്ണ് ആഫ്രിക്കയാണ്. മുമ്പും ആഫ്രിക്കയില്‍ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനം ശക്തമായിരുന്നു. എന്നാല്‍ മുമ്പൊന്നും അമേരിക്കന്‍ തീവ്രവാദ വിരുദ്ധ സേനാത്തലവന്മാര്‍ അത് കണക്കിലെടുത്തിരുന്നില്ല. ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം തുടരാന്‍ വാഷിങ്ടണിനുള്ള മുന്നറിയിപ്പാണ് ഹോംഗ്രെനിന്റെ ഈ വിലയിരുത്തല്‍.
നിലവില്‍ ആഫ്രിക്കയിലെ ഐഎസ് ശാഖകള്‍ അവരുടെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്നതിലും കൂടുതല്‍ അധികാരം നേടുന്നതിലും ദുര്‍ബലമായ പ്രാദേശിക സര്‍ക്കാരുകളെ അട്ടിമറിച്ച് വംശീയവും സാമൂഹികവുമായ ഭിന്നതകളെ ചൂഷണം ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോള്‍ ആഫ്രിക്കയെ സമ്പൂര്‍ണമായി ഇസ്ലാമിക് സ്റ്റേറ്റ് ആക്കുകയാണ് ഐഎസ് ലക്ഷ്യമിടുന്നതെങ്കില്‍ സമീപ ഭാവിയില്‍ അത് മറ്റു രാജ്യങ്ങളെയും ലക്ഷ്യമാക്കി വളര്‍ന്നേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ആഫ്രിക്കയിലെ ഐഎസ് ഭീകരര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തലവേദനയാകുമെന്നും അദ്ദേഹം പറയുന്നു.
ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നൈജര്‍, ബുര്‍ക്കിന ഫാസോ, മാലി എന്നീ പ്രദേശങ്ങളില്‍ അരാജകത്വവും നാശവും വിതയ്ക്കുന്നു. നൈജീരിയ, കോംഗോ, മൊസാംബിക്, സൊമാലിയ എന്നിവിടങ്ങളിലും ഐഎസിന് ശാഖകളുണ്ട്. ചിലത് നിലവിലുള്ള അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ നിന്ന് വേര്‍പിരിഞ്ഞ് രൂപപ്പെട്ടതാണ്.
ഒരു ദശാബ്ദം മുമ്പാണ് ആഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ ഐഎസ് ഗ്രൂപ്പുകള്‍ കടന്നുകയറ്റം നടത്തിയത്. ഈ പ്രദേശം ഐസിസ് ഭീകരവാദികളുടെ താവളമായതോടെ ലോകത്തിലെ ഏറ്റവും അസ്ഥിരമായ സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഇറാഖിലും സിറിയയിലും 2013-ലും 2014-ലും നടത്തിയ ഭീകരാക്രമണ പരമ്പരകളെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ ഐഎസിന്റ ഭീകരപ്രവര്‍ത്തനങ്ങള്‍ എന്ന് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീവ്രവാദ വിരുദ്ധ വിദഗ്ധനായ ചാള്‍സ് ലിസ്റ്റര്‍ പറഞ്ഞു.