സോള്‍: ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ക്രിസ്ത്യാനികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ ഉത്തര കൊറിയക്കാരെ ഉത്തര കൊറിയന്‍ രാഷ്ട്രീയതടവുകാരുടെ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍.) എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തല്‍. 2024 ലെ ഈ റിപ്പോര്‍ട്ട് ഉത്തര കൊറിയ ഉള്‍പ്പെടെ 18 പ്രധാന രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്ഥിതിഗതികളാണ് വിശകലനം ചെയ്യുന്നത്.
സ്വന്തം രാജ്യത്തുനിന്ന് രക്ഷപെടാന്‍ ഉത്തര കൊറിയക്കാര്‍ പലപ്പോഴും ചൈനയുമായുള്ള അതിര്‍ത്തിയാണ് ഉപയോഗിക്കുന്നത്. കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുള്ള ഈ അതിര്‍ത്തി കടക്കാന്‍ അവര്‍ക്കു കഴിഞ്ഞാല്‍, ഒളിച്ചോടിയവര്‍ കൂടുതലും തായ്ലന്‍ഡ്, ദക്ഷിണ കൊറിയന്‍ എംബസികളില്‍ അഭയം തേടുകയും അവരെ ദക്ഷിണ കൊറിയയിലേക്ക് അയയ്ക്കുകയും ചെയ്യും.
അതേസമയം, ചൈനീസ് അധികാരികളുടെ പിടിയിലാകുന്നവരെ ഉത്തര കൊറിയയിലേക്ക് തിരിച്ചയക്കുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നതനുസരിച്ച്, ഏപ്രിലില്‍ ചൈനീസ് സര്‍ക്കാര്‍ 60 ഉത്തര കൊറിയക്കാരെ പിടികൂടി തിരിച്ചയച്ചിരുന്നു. ചൈനീസ് പോലീസ് നല്‍കിയ ഫയലുകളെ അടിസ്ഥാനമാക്കിയാണ് ഉത്തരകൊറിയന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ നാട്ടിലേക്ക് മടങ്ങുന്നവരെ ചോദ്യം ചെയ്യുന്നത്. ഈ ഫയലുകളില്‍ മതവുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ പിടികൂടിയവരെ രാഷ്ട്രീയ തടവുകാരുടെ ക്യാമ്പുകളിലേക്ക് അയയ്ക്കും.
രാഷ്ട്രീയ തടവുകാരുടെ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന ക്രിസ്ത്യാനികളെ കാത്തിരിക്കുന്നത് പരോളില്ലാത്ത ജീവപര്യന്തം തടവാണ്. തടവുകാരെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധമാണ് ഈ ജയില്‍.
1948 മുതല്‍ കിം എന്ന സ്വേച്ഛാധിപത്യ രാജവംശ കുടുംബം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഉത്തര കൊറിയ. ഇവിടെയുള്ള ക്രിസ്ത്യാനികളുടെ യഥാര്‍ഥ എണ്ണമോ, ഉത്തര കൊറിയയിലുള്ള അവരുടെ വിശ്വാസത്തിന്റെ വ്യാപ്തിയോ മനസിലാക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍പ്രകാരം ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ ഏകദേശം 0.38% മാത്രമേ ഉള്ളൂ.
വിശ്വാസികളുടെ എണ്ണം കുറവാണെങ്കിലും, ക്രിസ്തുമതം ഭരണകൂടത്തിന് ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ കിം ഇല്‍-സുങ് സൃഷ്ടിച്ച മാര്‍ക്സിസ്റ്റ് 'സ്വാശ്രയ' പ്രത്യയശാസ്ത്രമായ ജൂചെ പിന്തുടരാന്‍ മുഴുവന്‍ ജനങ്ങളെയും നിര്‍ബന്ധിതരാക്കുന്നു.
ലോകത്ത് ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം രാജ്യമാണ് ഉത്തര കൊറിയയെന്ന് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തോടുള്ള അവരുടെ വിശ്വസ്തത അനുസരിച്ച് ആളുകളെ തരംതിരിക്കുന്നു. വിശ്വാസികളെ 'ശത്രു വിഭാഗമായി' കണക്കാക്കുകയും നിരന്തരമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്യുന്നു.
ഒളിച്ചോടുന്നവര്‍ യേശുവില്‍ വിശ്വസിക്കുകയും അവര്‍ പോകുന്നിടത്തെല്ലാം സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിസ്ത്യാനിയായി മാറിയ ഉത്തരകൊറിയന്‍ ഇല്ല്യോങ് ജു പറയുന്നു.