സുവ: ഫിജിയിലെ പഞ്ചനക്ഷത്ര റിസോര്‍ട്ട് ബാറില്‍ നിന്ന് കോക്ടെയില്‍ (പിന കൊളാഡ) കുടിച്ച വിനോദസഞ്ചാരികള്‍ക്ക് വിഷബാധ. നാല് ഓസ്‌ട്രേലിയന്‍ സഞ്ചാരികളും ഒരു അമേരിക്കന്‍ സഞ്ചാരിയുമടക്കം ഏഴ് പേര്‍ വിഷമദ്യം കുടിച്ചതിനെത്തുടര്‍ന്ന് അവശ നിലയിലായി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചിലരുടെ നില മോശമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
ശനിയാഴ്ച രാത്രിയില്‍ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ വിളമ്പിയ കോക്ടെയിലില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ക്ക് വിഷബാധയേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. പൈനാപ്പിൾ, തേങ്ങാപ്പാൽ, റം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന കോക്ടെയ്‌ലാണ് പിന കൊളാഡ.
18 മുതല്‍ 56 വരെ പ്രായമുള്ളവരാണ് തലകറക്കവും ഛര്‍ദ്ദിയും അപസ്മാരം അടക്കമുള്ള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നാല് സഞ്ചാരികളും ഒരു അമേരിക്കന്‍ സഞ്ചാരിയും അടക്കം ഏഴ് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ ആറ് വിനോദ സഞ്ചാരികള്‍ വിഷമദ്യം കഴിച്ച് മരിച്ചതിന് ആഴ്ചകള്‍ പിന്നിടും മുന്‍പാണ് ഫിജിയിലെ വിഷമദ്യ ദുരന്തം. ഫിജിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിയ അതിഥികള്‍ക്കാണ് വിഷമദ്യം വിളമ്പിയത്.
ഇവരില്‍ 56 വയസുള്ള ഓസ്‌ട്രേലിയന്‍ വനിതയും 19 വയസുള്ള യുവതിയുടേയും ആരോഗ്യനില ഗുരുതരമാണ്. ആശുപത്രിയില്‍ വച്ചും ഇവരുടെ ആരോഗ്യ നില മോശമായിരുന്നു. ആശുപത്രിയിലുള്ള ശേഷിക്കുന്നവരില്‍ രണ്ട് പേര്‍ വനിതകളാണ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ആഡംബര റിസോര്‍ട്ടില്‍ ആരോഗ്യ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.
ഏതെങ്കിലും രീതിയിലുള്ള ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ ഉടനടി ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫിജിയില്‍ നിന്ന് ലഭ്യമാകുന്ന പ്രാദേശിക മദ്യം കലര്‍ന്ന കോക്ടെയില്‍ ഉപയോഗിക്കരുതെന്നാണ് വിനോദ സഞ്ചാരികള്‍ക്ക് ഓസ്‌ട്രേലിയന്‍ വിദേശകാര്യ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.