അമേരിക്കയില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: 18 മൃതദേഹങ്ങള്‍ കണ്ടെത്തി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

അമേരിക്കയില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: 18 മൃതദേഹങ്ങള്‍ കണ്ടെത്തി;  രക്ഷാ പ്രവര്‍ത്തനം തുടരുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പൊട്ടോമാക് നദിയില്‍ നിന്നാണ് 18 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് സൂചന.

വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനം സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വിമാനത്തില്‍ 64 യാത്രക്കാരുണ്ടായിരുന്നു.

പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.

കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.

ഞെട്ടിപ്പിക്കുന്ന അപകടമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.

2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്ന് വാഷിങ്ടണ്‍ ഡി.സി ഫയര്‍ ചീഫ് പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും എഫ്.ബി.ഐ, ആര്‍മി നീന്തല്‍ വിദഗ്ധരും ചേര്‍ന്നാണ് നദിയില്‍ തിരച്ചില്‍ നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.