തിരുവനന്തപുരം: ലഹരി മരുന്ന് മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും പൊലീസ്, എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ലഹരി വ്യാപനത്തിനെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും. ലഹരി മാഫിയയ്ക്കെതിരെ പോലീസും എക്സൈസും സംയുക്തമായി നടത്തേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. കോളജ് ക്യാമ്പസില്‍ നിന്നടക്കം വന്‍ തോതില്‍ ലഹരി മരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
'അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായ, ലിംഗ ഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പോലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്'- കേരള പൊലീസ് അക്കാദമിയില്‍ ഇന്ന് നടന്ന പാസിംഗ് ഔട്ട് പരേഡ് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണം.
ക്രമസമാധാന പാലനമാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.