കൊച്ചി വിമാനത്താവള പുനരധിവാസ പദ്ധതി: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം നല്‍കി സിയാല്‍

കൊച്ചി വിമാനത്താവള പുനരധിവാസ പദ്ധതി: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം നല്‍കി സിയാല്‍

കൊച്ചി: കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോള്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി രൂപവല്‍കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിക്ക് സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നേരത്തെയുള്ള പാക്കേജില്‍ മതിയായ സംരക്ഷണം ലഭിക്കാത്തവര്‍ക്ക് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇതുപ്രകാരമാണ് രണ്ടാംഘട്ട പാക്കേജിന് രൂപം നല്‍കിയതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നേരത്തെ തന്നെ പുരനധിവാസ പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സിയാല്‍ മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലവസരം, ടാക്സി പെര്‍മിറ്റ്, ഹെഡ് ലോഡ് വര്‍ക്കേഴ്സ് സൊസൈറ്റിയില്‍ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പുനരധിവാസ പാക്കേജ് നടപ്പിലാക്കിയിരുന്നത്. ഇത്തരം വിന്യാസം നടപ്പിലാക്കിയപ്പോള്‍ നിരവധി പേര്‍ക്ക് കുറഞ്ഞ വേതനമുള്ള കരാര്‍ ജോലികളാണ് ലഭിച്ചിരുന്നത്. ഇവര്‍ക്കായി പാക്കേജില്‍ മാറ്റം വരുത്തണമെന്ന ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ സിയാല്‍ പരിഗണിച്ചതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

രണ്ടാംഘട്ട പാക്കേജിന്റെ ആദ്യ ഭാഗമായി, എയര്‍ ഇന്ത്യയില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തില്‍ താരതമ്യേന കുറഞ്ഞ വേതനത്തിന് കരാര്‍ ജോലി ചെയ്തിരുന്ന 20 പേര്‍ക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍ കാര്‍ഗോ കയറ്റിറക്ക് തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അംഗത്വം നല്‍കും. ഈ രംഗത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ആധുനിക ഭരണ സംവിധാനത്തിന്റെ സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ മേല്‍നോട്ടത്തില്‍ രണ്ട് വര്‍ഷം മുന്‍പ് രൂപവല്‍കരിച്ച സൊസൈറ്റിയില്‍ നിലവില്‍ 120 അംഗങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴില്‍ മേഖലയിലും പ്രവര്‍ത്തിച്ചിരുന്നവരും ശാരീരിക അവശതകളാല്‍ ഈ തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഈ വിഭാഗത്തില്‍പ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്സി സൊസൈറ്റിയില്‍ പെര്‍മിറ്റ് നല്‍കാനും തീരുമാനമായി. 25 പേര്‍ക്കാണ് ഈ അവസരം ലഭിക്കുക. നിലവില്‍ 650 പേര്‍ക്ക് ടാക്സി പെര്‍മിറ്റുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ചുള്ള സാഹചര്യം വിലയിരുത്തി കൂടുതല്‍ പേര്‍ക്ക് അവസരം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അര്‍ഹതപ്പെട്ടവരുടെ യോഗം സിയാലില്‍ വിളിച്ച് ചേര്‍ക്കുകയും ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. രണ്ടര ദശാബ്ദമായി നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. അവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു പാക്കേജിന് രൂപം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.

ടാക്സി സൊസൈറ്റിയും ഹെഡ്ലോഡ് വര്‍ക്കേഴ്സ് സഹകരണ സൊസൈറ്റിയും അഭിനന്ദനീയമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ അംഗങ്ങള്‍ക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. പുതിയ അംഗങ്ങള്‍ക്കും ഈ അവസരമാണ് ലഭ്യമാകുക. ഇതിന് പുറമെ സിയാലില്‍ തൊഴിലവസരങ്ങള്‍ക്ക് പ്രാപ്തമാക്കാന്‍ സൗജന്യമായി നൈപുണ്യ വികസന പരിശീലനം നടപ്പിലാക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.