ഇടുക്കി: വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ വളര്‍ത്തു മൃഗങ്ങളെ കൊന്നു. പ്രദേശവാസികളായ നാരായണന്‍ എന്നയാളുടെ പശുവിനെയാണ് കൊന്നത്.
അയല്‍വാസിയായ ബാലമുരുകന്‍ എന്നയാളുടെ നായയെയും കൊന്നു. ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടതെന്ന് നാരായണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് സംഘം സ്ഥിരീകരിച്ചു.
കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമ്പിയില്‍ കടുവയെ കണ്ടതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നു. ആദ്യ രണ്ട് സംഘത്തില്‍ സ്‌നിഫര്‍ ഡോഗും വെറ്റിനറി ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് അരണക്കല്ലില്‍ കടുവയിറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ചത്.