ഭൗതിക ദേഹം ദർബാർ ഹാളിലെത്തിച്ചു; വി.എസിന് കണ്ണീരോടെ വിടനല്‍കാനൊരുങ്ങി തലസ്ഥാനം

ഭൗതിക ദേഹം ദർബാർ ഹാളിലെത്തിച്ചു; വി.എസിന് കണ്ണീരോടെ വിടനല്‍കാനൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് കണ്ണീരോടെ വിടചൊല്ലാനൊരുങ്ങി കേരളം. ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു.
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.

എസ്.യു.ടി ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം 7:15 ന് വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠന കേന്ദ്രത്തിന് മുന്നിലേയ്ക്ക് ഒഴുകിയെത്തിയത്. 'കണ്ണേ കരളേ വിഎസെ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ തങ്ങളുടെ പ്രിയ നേതാവിന് യാത്രമൊഴിയേകാന്‍ എത്തിയത്.

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ സര്‍ക്കാര്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ഇന്ന് അവധിയായിരിക്കും. ചൊവ്വാഴ്ച പി.എസ്.സി നിശ്ചയിച്ച എല്ലാ പരീക്ഷകളും അഭിമുഖവും പ്രമാണ പരിശോധനയും നിയമനപരിശോധനയും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു വി.എസിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരത്തെ എകെജി െന്ററിലെത്തിച്ചു. ഇന്നലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മകന്‍ ഡോ. അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.