നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ വരുന്നു; പാര്‍ട്ടിയെ ശക്തിപ്പെടുത്തണം: ജില്ലാ തലത്തില്‍ അഴിച്ചു പണിക്ക് കോണ്‍ഗ്രസ്

നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ വരുന്നു; പാര്‍ട്ടിയെ ശക്തിപ്പെടുത്തണം:  ജില്ലാ തലത്തില്‍ അഴിച്ചു പണിക്ക് കോണ്‍ഗ്രസ്

കൊച്ചി: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് സംഘടനാ തലത്തില്‍ വിപുലമായ അഴിച്ചു പണിക്കൊരുങ്ങി കോണ്‍ഗ്രസ്.

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് സംഘടന ശക്തിപ്പെടുത്തണമെന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

പുതിയ സാചചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വൈകാതെ ഡല്‍ഹിയിലെത്തി ദീപ ദാസ് മുന്‍ഷി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുമായി കുടിക്കാഴ്ച നടത്തും.

കെപിസിസി പുനഃസംഘടനയ്ക്ക് അനുസൃതമായി ജില്ലാ തലങ്ങളിലും മാറ്റം വേണമെന്നാണ് നേതാക്കളുടെ നിലപാട്. ഇതനുസരിച്ച് ഡിസിസികളിലും മാറ്റം ഉണ്ടായേക്കും. ചുമതലകള്‍ നല്‍കേണ്ട നേതാക്കളുടെ പട്ടികയും കെപിസിസി നേതൃത്വം തയ്യാറാക്കി തുടങ്ങി.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തി ഉണ്ടാക്കാത്ത നിലയില്‍ പുനസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നിലവിലുള്ള ഭാരവാഹികളെ നീക്കം ചെയ്യേണ്ടതില്ലെന്നാണ് കെപിസിസിയുടെ നിലപാട്. കൂടുതല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചുമതലകള്‍ പങ്കിട്ട് നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.

എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഡിസിസികള്‍ നിഷ്‌ക്രിയമാണെന്ന പരാതി വ്യാപകമായതിനാല്‍ അത്തരം ജില്ലകളില്‍ കാതലായ മാറ്റം ഉണ്ടാകുമെന്നും സൂചനയുണ്ട്. കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ആയിരിക്കും ഇത്തരം അഴിച്ചു പണി.

പുനസംഘടനയില്‍ സമുദായ, ജാതി സമവാക്യങ്ങള്‍ പരമാവധി ഉറപ്പിക്കുക എന്നതാണ് കെപിസിസിക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നീക്കിയതില്‍ ഈഴവ സമുദായത്തിനുള്ള അതൃപ്തി പരിഹരിക്കേണ്ടതുണ്ട്.

ഇതും കാര്യക്ഷമമായി പരിഹരിക്കപ്പെടണം എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. വി.എം സുധീരന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ശുപാര്‍ശകള്‍ക്കും പുനസംഘടനയില്‍ നിര്‍ണായക പങ്കുണ്ടാകും എന്നാണ് വിലയിരുത്തല്‍.

നിലവില്‍ സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പട്ടികയില്‍ ഹൈക്കമാന്‍ഡ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്ഥാന തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് നേതാക്കളുടെ നീക്കം.

സണ്ണി ജോസഫ്, വി.ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി ഭാരവാഹികളായ എ.പി അനില്‍ കുമാര്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെട്ട പുതിയ സംസ്ഥാന നേതൃത്വം പുനസംഘടന സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.