മ്യാൻമറിലെ യുവ കത്തോലിക്കാ വൈദികന്റെ കൊലപാതകം: ഒമ്പത് പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ

മ്യാൻമറിലെ യുവ കത്തോലിക്കാ വൈദികന്റെ കൊലപാതകം: ഒമ്പത് പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ

നൈപിഡോ: മ്യാന്‍മാറിലെ കത്തോലിക്കാ വൈദികനായിരുന്ന ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നെയിങ്ങ് വിന്നിനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചതായി വത്തിക്കാൻ വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സുമായി (പിഡിഎഫ്) ബന്ധപ്പെട്ട പ്രാദേശിക സായുധ ഗ്രൂപ്പുകളിൽ പെട്ടവരായിരുന്നു കൊലപാതകം നടത്തിയത്.

ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം കയ്യാളുന്ന മ്യാന്‍മാറിലെ സൈന്യവും അവരെ ചെറുക്കുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന സഗായിങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇടവകയിലെ വികാരിയായിരുന്നു കൊല്ലപ്പെട്ട ഫാ. ഡൊണാള്‍ഡ്. 44 വയസുള്ള ഫാ. ഡൊണാള്‍ഡ് യെ നെയിങ്ങ് വിന്‍ 2018-ലാണ് വൈദികനായി അഭിഷിക്തനായത്. ആഭ്യന്തര യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായവും ആത്മീയ സാന്ത്വനവും നല്‍കിക്കൊണ്ട് തീക്ഷ്ണതയോടും വിശ്വസ്തതയോടും കൂടി ഇടവകാംഗങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച പുരോഹിതാനായിരുന്നു ഫാ. ഡൊണാള്‍ഡ്.

മുമ്പ് ബര്‍മ്മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മര്‍ 2021 ന്റെ തുടക്കത്തില്‍ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തിന്റെ നടുവിലാണ്. 2025-ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈന്യം അംഗീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ അതില്‍ പങ്കെടുക്കാന്‍ കഴിയൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.