നോര്‍ത്ത് കിവു: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. നോര്‍ത്ത് കിവു പ്രവിശ്യയിലെ കത്തോലിക്ക ഇടവക പരിധിയില്‍ നടന്ന ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു.
കിവു പ്രവിശ്യയിലെ മംഗുരെദ്ജിപയിലെ സെന്റ് ജോസഫ് ഇടവകയുടെ പരിധിയില്‍പ്പെടുന്ന എന്‍ടോയോയില്‍ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങള്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് (എസിഎന്‍) പുറം ലോകത്തെ അറിയിച്ചത്. കൂട്ടക്കൊലയെ കോംഗോ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അപലപിച്ചു.
ഇസ്ലാമിക വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് ആണ് ആക്രമണം നടത്തിയത്. എന്‍ടോയോ ഗ്രാമത്തില്‍ നടന്ന ഒരു അനുശോചന ചടങ്ങിനിടെ ഇസ്ലാമിക തീവ്രവാദികള്‍ ആയുധങ്ങളുമായി പാഞ്ഞെട്ടുകയായിരുന്നു.
ആക്രമികള്‍ തോക്കുകളും ചുറ്റികകളും ഉപയോഗിച്ചിരിന്നുവെന്നും ചില വീടുകള്‍ തിരഞ്ഞെടുത്ത് തീയിട്ടുവെന്നും ഭൂരിഭാഗം ആളുകളും വടിവാളുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക അധികൃതര്‍ വെളിപ്പെടുത്തി.
കൂട്ടക്കൊലയില്‍ വേദനയനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഇടവകയിലെ എല്ലാ വിശ്വാസികള്‍ക്കും ആത്മീയ അടുപ്പം പ്രകടിപ്പിക്കുകയാണെന്ന് ബ്യൂട്ടെംബോ ബെനിയിലെ ബിഷപ്പ് മെല്‍ക്കിസെദെക് സികുലി പാലുക്കോ പറഞ്ഞു.
ജീവന്റെ നാഥനായ ദൈവം, ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസകയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ നമ്മെ ശക്തിപ്പെടുത്തുകയും കഷ്ടപ്പാടുകളുടെ മരുഭൂമിക്കപ്പുറം ശാശ്വത സമാധാനത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യട്ടെയെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ഇറ്റൂരി പ്രവിശ്യയിലെ ഒരു ഇടവകയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 34 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു.