കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അതിജീവിച്ച വിശ്വാസസാക്ഷി ; അൽബേനിയൻ ബിഷപ്പ് സൈമൺ കുള്ളി വിടവാങ്ങി

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അതിജീവിച്ച വിശ്വാസസാക്ഷി ; അൽബേനിയൻ ബിഷപ്പ് സൈമൺ കുള്ളി വിടവാങ്ങി

ടിറാന : ലോകത്തിലെ ഏറ്റവും അടിച്ചമർത്തുന്നതും നിരീശ്വരവാദപരവുമായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് ശേഷം അൽബേനിയൻ കത്തോലിക്കാ സഭയിൽ പ്രതീക്ഷയുടെ പ്രകാശമായി ഉയർന്നുവന്ന സപ്പേ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് സൈമൺ കുള്ളി (52) അന്തരിച്ചു.

അൽബേനിയൻ സഭയുടെ പ്രധാന ശബ്ദങ്ങളിലൊരാളും 'വിശ്വാസസാക്ഷി'യുമായിരുന്നു അദേഹം. കമ്മ്യൂണിസത്തിനു ശേഷം വൈദികരായി ഉയർന്നു വന്ന ആദ്യ തലമുറയിൽപ്പെട്ട വ്യക്തിയായിരുന്നു ബിഷപ്പ് കുള്ളി.

കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഏറ്റവും കടുപ്പമേറിയ കാലഘട്ടത്തിൽ ജനിച്ചതിനാൽ രഹസ്യമായാണ് അദേഹത്തിന് മാമോദീസ നൽകിയത്. ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ തന്റെ കുടുംബം ജയിലിൽ അടക്കപ്പെടുമായിരുന്നെന്ന് ബിഷപ്പ് പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

28 വർഷം തടവിൽ കഴിഞ്ഞ ശരീരമാകെ വളഞ്ഞ ഒരു 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി' യായ വൈദികൻ ലാറ്റിൻ കുർബാന അർപ്പിക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് പൗരോഹിത്യത്തിലേക്ക് വിളിയുണ്ടായതെന്ന് ബിഷപ്പ് കുള്ളി പറഞ്ഞിട്ടുണ്ട്.

"മരണ ശേഷം എപ്പോഴും ഉയിർത്തെഴുന്നേൽപ്പുണ്ട്. ഭയമില്ലാതെ ശക്തരായി നിലനിൽക്കുക. കാരണം ക്രിസ്തു എപ്പോഴും വിജയിക്കുന്നു. ക്രിസ്തുവിനോടൊപ്പം നിങ്ങൾക്ക് ഏത് പ്രയാസങ്ങളെയും തരണം ചെയ്യാൻ കഴിയും."- പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി ബിഷപ്പ് നൽകിയ അവസാന സന്ദേശം ഇങ്ങനെയായിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.