നോര്‍ത്ത് ഡാളസില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ പ്രഥമ തിരുനാളിന് കൊടിയേറി; തിരുനാനാള്‍ 12 ന്

നോര്‍ത്ത് ഡാളസില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ പ്രഥമ തിരുനാളിന് കൊടിയേറി; തിരുനാനാള്‍ 12 ന്

ഫ്രിസ്‌കോ: നോര്‍ത്ത് ഡാളസില്‍ കഴിഞ്ഞ വര്‍ഷം പുതുതായി സ്ഥാപിതമായ വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ പ്രഥമ തിരുനാളിന് കൊടിയേറി.

ഒക്ടോബര്‍ നാല് ശനിയാഴ്ച വൈകുന്നേരം ആറിന് നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് മുഖ്യകാര്‍മികനായി ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി.

കുടുംബങ്ങളുടെ പ്രേഷിതയായ വിശുദ്ധ മറിയം ത്രേസ്യാ പുണ്യവതിയുടെ ജീവിതം തിരുകുടുംബങ്ങളില്‍ അനുകരണീയമാക്കണമെന്ന് മാര്‍. ആലപ്പാട്ട് ആഹ്വാനം ചെയ്തു.

ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍ വരികളെഴുതി, ഈണം നല്‍കിയ തിരുനാളിനോടനുബന്ധിച്ച് പ്രകാശനം ചെയ്ത വിശുദ്ധ മറിയം ത്രേസ്യായോടുള്ള പ്രത്യേക പ്രാര്‍ത്ഥനാ ഗാനത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ മാര്‍. ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. കുടുംബ നവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനുമായി നോര്‍ത്ത് ഡാളസിലെ എല്ലാ കുടുംബങ്ങള്‍ക്കായും പ്രാര്‍ത്ഥനാ ഗാനം സമര്‍പ്പിക്കുന്നതായി ഫാ. ജിമ്മി പറഞ്ഞു.


കേരളത്തില്‍ നിന്ന് കൊണ്ടു വന്ന പുണ്യവതിയുടെ തിരു സ്വരൂപവും പുണ്യവതിയുടെ കബറിടമായ കുഴിക്കാട്ടുശേരിയില്‍ നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും മിഷനില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. തിരുശേഷിപ്പ് വണക്കത്തിന് ശേഷം പരിപാടികള്‍ക്ക് സമാപനമായി.

ട്രസ്റ്റിമാരായ റെനോ അലക്‌സ്, ബോസ് ഫിലിപ്പ്, വിനു ആലപ്പാട്ട് ( ഫെയ്ത്ത് ഫോര്‍മേഷന്‍ ), റോയ് വര്‍ഗീസ് (അക്കൗണ്ടന്റ് ) തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.