വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളെ ഞെട്ടിച്ച സംഭവമാണ് വത്തിക്കാനിലെ പ്രശസ്തമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്നത്. ബസിലിക്കയുടെ കൺഫെഷൻ അൾത്താരയിൽ ഒരു പുരുഷൻ കയറി നിന്ന് നൂറുകണക്കിന് തീർത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും മുന്നിൽ മൂത്രമൊഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ബസലിക്ക വിനോദ സഞ്ചാരികളാൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുരുഷൻ അപ്രതീക്ഷിതമായി ആൽത്താരയിലേക്കു കയറിയതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയേറെ ഡെല്ല സെറാ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചു.
സിവിൽ വേഷത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് വ്യക്തിയെ പിടികൂടി ബസലിക്കയിൽ നിന്ന് പുറത്താക്കി. സംഭവം നടന്നതിനു പിന്നാലെ വത്തിക്കാനിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.
വത്തിക്കാൻ പ്രസ് ഓഫീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും ഈ സംഭവത്തെ അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ പങ്കെടുത്ത യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സംശയമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ വർഷം ഇതാദ്യമായല്ല മാർപാപ്പ കുർബാന അർപ്പിക്കുന്ന അൾത്താരയ്ക്കു നേരെ അക്രമോ അത്യന്തം നിന്ദാകരമായ പ്രവൃത്തിയോ ഉണ്ടാകുന്നത്. ഫെബ്രുവരിയിൽ ഒരാൾ ബലിപീഠത്തിനു മുകളിൽ കയറുകയും ബലിപീഠത്തിലുണ്ടായിരുന്ന ആറ് മെഴുകുതിരി കാലുകൾ നിലത്തേക്ക് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത് അൾത്താരയെ മലിനമാക്കിയിരുന്നു.