ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ്. 
ഇതിനായുള്ള വടംവലി പാടില്ലെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ നേതാക്കള്‍ക്കിടയിലെ ഏകോപനം വര്‍ധിപ്പിക്കാന്‍ പുതിയ  സംവിധാനം വരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇന്നലെ നടന്ന ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തിലേക്ക് ക്ഷണം കിട്ടിയവരെല്ലാം കോര്‍ കമ്മിറ്റിയുടെ ഭാഗമാകും.
കേരള നേതാക്കളുമായി എഐസിസി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍ നടപടി ഉണ്ടാകും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണമെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം കൂട്ടായ നേതൃത്വം എന്ന നിര്‍ദേശം കേരളത്തില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമര്‍ശിച്ചു. 
സമര പ്രചാരണങ്ങളില്‍ മിക്ക നിര്‍ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമ പ്രസ്താവനകള്‍ക്കപ്പുറം താഴെത്തട്ടില്‍ പ്രവര്‍ത്തനം നടത്തണം. സ്വന്തം പ്രതിച്ഛായ നിര്‍മിതിയില്‍ മാത്രമാണ് നേതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും കേന്ദ്ര നേതൃത്വം വിമര്‍ശനമുന്നയിച്ചു.