ഡാലസ്: ഡാലസ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ ചർച്ച് ഫൗണ്ടേഴ്സ് മീറ്റിങ്ങും കുടുംബ സംഗമവും നടന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഗമം ഇടവക രൂപീകരിച്ച ബിഷപ്പ് എമിറേറ്റ്സ് മാർ ജേക്കബ് അങ്ങാടിയത്തിനൊപ്പമായിരുന്നു. 2001ലാണ് ചിക്കാഗോ രൂപത നിലവിൽ വന്നതെങ്കിലും 1984 ൽ തന്നെ ഇടവക നിലവിൽ വന്നിരുന്നു. ഏകദേശം 41 വർഷങ്ങൾക്കിപ്പുറമാണ് ഇടവകയുടെ തുടക്ക കാലത്ത് ഉണ്ടായിരുന്ന 40 കുടുംബങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും തങ്ങളുടെ പഴയ വികാരിയച്ചനെ കാണാനും ഓർമ്മ പുതുക്കാനുമായി ഒരുമിച്ച് കൂടിയത്.
അന്ന് കുട്ടികളായിരുന്നവർ ഇന്ന് തങ്ങളുടെ മക്കളുമായി ദീർഘ നേരം യാത്ര ചെയ്ത് എത്തിയത് വികാരനിർഭരമായ കാഴ്ചയായിരുന്നു. അതോടൊപ്പം എൺപതാം ജന്മദിനം ആഘോഷിക്കുന്ന അങ്ങാടിയത്ത് പിതാവിന്റെ ജന്മദിനാഘോഷവും നടന്നു. 8.30 നുള്ള വിശുദ്ധ കുർബാനയക്കും നൊവേനയക്കും ചർച്ച് ഫൗണ്ടേഴ്സിലെ മരിച്ചു പോയവർക്കും വേണ്ടിയുള്ള ഒപ്പീസിനും ശേഷം അംഗങ്ങൾ പത്ത് മണിക്ക് ജൂബിലി ഹാളിൽ ഒരുമിച്ച് കൂടി.
പത്തരക്കുള്ള ബ്രഞ്ചിന് ശേഷം 11 മണിക്ക് സമ്മേളനം ആരംഭിച്ചു. ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ പ്രാരംഭ പ്രാർത്ഥന നടത്തി. കോഡിനേറ്റർ റോയ്‌സ് സണ്ണി ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ഫാ. ജോബി സെബാസ്റ്റ്യൻ സ്വാഗത ഗാനം ആലപിച്ചു. ബിഷപ്പിന്റെ എൺപതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
തനിക്ക് ജന്മദിന ആഘോഷം ഒരുക്കിയ പ്രിയപ്പെട്ടവർക്ക് ബിഷപ്പ് മാർ അങ്ങാടിയത്ത് നന്ദി പറഞ്ഞു. ബിഷപ്പുമായി ബന്ധപ്പെട്ടുള്ള സ്മരണകളെക്കുറിച്ച് സുബി കാവലം മാത്യുവും എൽസി ഫിലിപ്പും സംസാരിച്ചു. റോയ്‌സ് സണ്ണി മാർ അങ്ങാടിയത്തിന് ജന്മദിന സമ്മാനം കൈമാറി. ലിൻസി ജി പിള്ളൈ നന്ദി പറഞ്ഞു.