മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലേകകപ്പിൽ മുത്തമിട്ട് ഇന്ത്യ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ ഇന്ത്യൻ പെൺപുലികൾ കുറിച്ചത് പുതുചരിത്രം. വാശിയേറിയ കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ഇന്ത്യൻ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം തന്നെ ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്.
ഇന്ത്യക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ നാല് വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
പ്രോട്ടീസിന്റെ തുടക്കം പ്രതീക്ഷയ്ക്കൊത്ത് കളറായില്ല.75 തികയും മുൻപേ 2 വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണിംഗിൽ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും ടസ്മിന്‍ ബ്രിട്ട്സും ചേര്‍ന്ന് 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടസ്മിന്‍ ബ്രിട്ട്സിന്റെ (23) വിക്കറ്റാണ് ആദ്യം നഷ്ടമായത്. അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം.പിന്നാലെ അന്നകെ ബോഷും മടങ്ങി.
പിറകെ വന്ന സ്യൂൺ ല്യൂസ്,മരിസാന്നെ ക്യാപ്പ്, സിനലോ ജഫ്റ്റ എന്നിവരും പുറത്തായി. ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും സെഞ്ച്വറി തികച്ചെങ്കിലും അത് പ്രോട്ടീസിന് ഗുണമായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്‌സ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗംഭീര തുടക്കത്തോടെയാണ് ഇന്ത്യ കളി തുടങ്ങിയത്. ജമീമയടക്കം പലർക്കും വലിയ രീതിയിൽ കരുത്ത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച ടോട്ടൽ കണ്ടെത്താൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു.
ഓപ്പണിംഗിൽ സ്മൃതി മന്ദാന- ഷെഫാലി വർമ കൂട്ടുകെട്ടിൽ 104 റൺസാണ് ചേർത്തത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങിയപ്പോൾ, റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി സ്കോർ മെച്ചപ്പെടുത്തി.