സൊഹ്‌റാന്‍ മംദാനിയുടെ നിലപാടുകളില്‍ ആശങ്ക ; സ്ഥാനാരോഹണത്തിനു മുമ്പേ ന്യൂയോര്‍ക്ക് പൊലീസില്‍ കൊഴിഞ്ഞുപോക്ക്

സൊഹ്‌റാന്‍ മംദാനിയുടെ നിലപാടുകളില്‍ ആശങ്ക ; സ്ഥാനാരോഹണത്തിനു മുമ്പേ ന്യൂയോര്‍ക്ക് പൊലീസില്‍ കൊഴിഞ്ഞുപോക്ക്

ന്യൂയോര്‍ക്ക് : മികച്ച വിജയം നേടി ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കെത്തിയ സൊഹ്‌റാന്‍ മംദാനിയുടെ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ന്യൂയോര്‍ക്കില്‍ നൂറുകണക്കിന് പൊലീസുകാര്‍ രാജിവച്ചെന്ന് റിപ്പോര്‍ട്ട്. മംദാനിയുടെ മേയര്‍ സ്ഥാനാരോഹണം ജനുവരിയിലാണ് നടക്കുക. അതിനു മുമ്പായി ന്യൂയോര്‍ക്ക് പൊലീസ്‌ സേനയുടെ അംഗബലം കുറയുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

പൊലീസ് പെന്‍ഷന്‍ ഫണ്ട് ഡാറ്റ പ്രകാരം, ഒക്ടോബറില്‍ ഓഫീസര്‍മാരുടെ പിരിഞ്ഞുപോകലില്‍ 35 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 181 പേര്‍ പിരിഞ്ഞു പോയെങ്കില്‍ ഇക്കുറി 245 ഉദ്യോഗസ്ഥര്‍ രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

”മംദാനി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന നയങ്ങളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായതിനാല്‍ മനോവീര്യം തകര്‍ന്നിരിക്കുന്നു,” ഡിറ്റക്ടീവ്‌സ് എന്‍ഡോവ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌കോട്ട് മണ്‍റോ പറഞ്ഞു. ”നിയമപാലനത്തില്‍ വിശ്വസിക്കാത്ത ന്യൂയോര്‍ക്ക് സിറ്റി ഭരിക്കേണ്ട ഒരാള്‍ വരുന്നു. എല്ലാവരുടെയും വായില്‍ നിന്ന് വരുന്നത്, ‘ഞങ്ങള്‍ കുഴപ്പത്തിലാണ്’ എന്നാണ്”- അദേഹം കൂട്ടിച്ചേര്‍ത്തു.

സേനയുടം അംഗബലം കുറയുന്നത് ശുഭസൂചനയല്ലെന്ന് പൊലീസ് ബെനവലന്റ് അസോസിയേഷ (പിബിഎ)നും മുന്നറിയിപ്പ് നല്‍കി. ”ഓരോ മാസവും നിരവധി പൊലീസുകാരെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ഞങ്ങളുടെ സുസ്ഥിരമല്ലാത്ത ജോലിഭാരം, കാലഹരണപ്പെട്ട കരാര്‍, നല്ല പൊലീസുകാരെ ജോലിയില്‍ നിന്ന് അകറ്റുന്ന നിരന്തരമായ അനിശ്ചിതത്വം എന്നിവ പരിഹരിക്കാന്‍ ഞങ്ങളുടെ നഗര നേതാക്കള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും.”-പിബിഎ പ്രസിഡന്റ് പാട്രിക് ഹെന്‍ഡ്രി ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിലവില്‍ 33,745 സജീവ ഉദ്യോഗസ്ഥരുണ്ട്.

മംദാനിയുടെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങള്‍ സേനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന ആശങ്ക വര്‍ദ്ധിച്ചു വരികയാണ്. പൊലീസ് സേനയ്ക്ക് പണം നല്‍കില്ലെന്നും പൊലീസുകാരെ വംശീയവാദിയെന്നും സ്വവര്‍ഗാനുരാഗിയെന്നും വിളിച്ച മംദാനിയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് പൊലീസ് സേനയെ ആശങ്കയിലാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.