ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്ഗാന്‍ വിമാനം അബദ്ധത്തില്‍ റണ്‍വേ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. കാബൂളില്‍ നിന്നുള്ള അഫ്ഗാനിസ്ഥാന്‍ അരിയാന വിമാനം, ടേക്ക് ഓഫ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. ആ സമയം റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ വിമാനം ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അരിയാന അഫ്ഗാന്‍ വിമാനം എഫ്.ജി 311 ആണ് തെറ്റായി റണ്‍വേ മാറി ലാന്‍ഡ് ചെയ്തത്. ഈ വിമാനത്തിന് ഇടതു വശത്തെ റണ്‍വേ 29 ലാണ് ലാന്‍ഡിങിന് അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ പൈലറ്റ് വിമാനം ഇറക്കിയത് വലതു വശത്തെ റണ്‍വേ 29 ല്‍ ആയിരുന്നു. ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വലതു വശത്തെ റണ്‍വേ 29 ടേക്ക് ഓഫിനായും ഇടതു വശത്തെ റണ്‍വേ 29 ലാന്‍ഡിങിനായും ആണ് ഉപയോഗിക്കുന്നത്.
വിഷയത്തില്‍ വ്യോമയാന അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഗുരുതര വീഴ്ച സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തെഴുതുമെന്ന് അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.