ബുർഖ ധരിച്ച് പാർലമെന്റിലെത്തി; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

ബുർഖ ധരിച്ച് പാർലമെന്റിലെത്തി; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

മെൽബൺ : ഓസ്‌ട്രേലിയൻ പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയതിന് സെനറ്റർക്ക് സസ്പെൻഷൻ. വൺ നേഷൻ പാർട്ടി നേതാവായ സെനറ്റർ പോളിൻ ഹാൻസണെ ആണ് പാർലമെന്റിൽ നിന്ന് വർഷാവസാനം വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ഒരു ഓസ്‌ട്രേലിയൻ സെനറ്ററാണ് പോളിൻ ഹാൻസൺ.

പാർലമെന്റിനെ അനാദരിക്കുന്ന വസ്ത്രം ധരിച്ചെത്തുകയും ക്ഷമാപണം നടത്താതിരിക്കുകയും ചെയ്തതായി
സൂചിപ്പിച്ചുകൊണ്ട് സെനറ്റർമാർ ഒരു കുറ്റപ്പെടുത്തൽ പ്രമേയം പാസാക്കിയാണ് പോളിൻ ഹാൻസണെ സസ്പെൻഡ് ചെയ്തത്.

ഓസ്ട്രേലിയയിൽ ബുർഖ നിരോധിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്ന നേതാവാണ് പോളിൻ. പൊതുസ്ഥലങ്ങളിൽ ബുർഖയും മറ്റ് മുഖം മൂടുന്ന വസ്ത്രങ്ങളും രാജ്യവ്യാപകമായി നിരോധിക്കണമെന്ന ബിൽ സെനറ്റ് നിരസിച്ചതിൽ പ്രതിഷേധിച്ചാണ് പോളിൻ ഹാൻസൺ പാർലമെന്റിൽ പ്രതിഷേധത്തിനായി ബുർഖ ധരിച്ച് എത്തിയിരുന്നത്.

71 വയസുള്ള സെനറ്റർ തിങ്കളാഴ്ച മുഴുവൻ ശരീരവും മൂടുന്ന ബുർഖ ധരിച്ച് ചേംബറിൽ ഇരുന്നു. ഈ നടപടി വലിയ പ്രതിഷേധത്തിന് കാരണമാവുകയും സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങുകയും ആയിരുന്നു.

ഓസ്ട്രേലിയൻ സെനറ്റിന്റെ കപടത തുറന്നുകാട്ടുകയാണ് താൻ ചെയ്തത് എന്ന് പോളിൻ ഹാൻസൺ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. “അവർ ബുർഖ നിരോധിക്കാൻ വിസമ്മതിച്ചു, എന്നിട്ടും പാർലമെന്റിൽ അത് ധരിക്കാനുള്ള അവകാശം എനിക്ക് നിഷേധിച്ചു. പാർലമെന്റിൽ വസ്ത്രധാരണ രീതിയില്ല, പിന്നെ എന്തുകൊണ്ട് എനിക്ക് അനുവാദമില്ല? 2028 ൽ എന്റെ സഹപ്രവർത്തകരോടല്ല, വോട്ടർമാരോടായിരിക്കും ഉത്തരം പറയേണ്ടത്” എന്നും പോളിൻ ഹാൻസൺ അഭിപ്രായപ്പെട്ടു.

അതേസമയം പോളിൻ ഹാൻസൺ ബുർഖ ധരിച്ച് എത്തിയതിനെ തുടർന്ന് സെനറ്റിലെ മുസ്ലീം അം​ഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുകയം ആക്രോശം നടത്തുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.