സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് തീരത്ത് നടന്ന സ്രാവിന്റെ ആക്രമണത്തിൽ 20 വയസുകാരി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ക്രൗഡി ബേ നാഷണൽ പാർക്കിന്റെ പരിധിയിൽ വരുന്ന കൈലീസ് ബീച്ചിലാണ് സംഭവം.
വ്യാഴാഴ്ച പുലർച്ചയോടെയാണ് ആക്രമണമുണ്ടായത്. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവാവിനെ അടിയന്തരമായി ഹെലികോപ്റ്റർ മാർഗം ന്യൂകാസിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇതൊരു ബിഗ് ബുൾ സ്രാവിന്റെ ആക്രമണമായിരിക്കാനാണ് സാധ്യതയെന്ന് അധികൃതർ സംശയം പ്രകടിപ്പിച്ചു. ആക്രമണത്തെ തുടർന്ന് കൈലീസ് ബീച്ച് അടച്ചു. സമീപപ്ര ദേശങ്ങളിലെ മറ്റ് ബീച്ചുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി.
സ്രാവുകളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശം മുഴുവൻ പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം ഓസ്‌ട്രേലിയയിൽ സ്രാവുകളുടെ ആക്രമണത്തെ തുടർന്നുണ്ടാകുന്ന അഞ്ചാമത്തെ മരണമാണിത്.