എസ്ഐആറില്‍ ലോക്സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം: പാര്‍ലമെന്റില്‍ നാടകം കളിക്കരുതെന്ന് മോഡി; ചര്‍ച്ച അനുവദിക്കാത്തതാണ് നാടകമെന്ന് പ്രിയങ്കയുടെ തിരിച്ചടി

എസ്ഐആറില്‍ ലോക്സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം: പാര്‍ലമെന്റില്‍ നാടകം കളിക്കരുതെന്ന് മോഡി; ചര്‍ച്ച അനുവദിക്കാത്തതാണ് നാടകമെന്ന് പ്രിയങ്കയുടെ തിരിച്ചടി

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്ഐആര്‍) ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയില്‍ നിന്ന് പ്രതിപക്ഷം പുറത്തു വരണമെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കണമെന്നും നാടകം കളിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

എസ്ഐആറില്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ട് തവണ നിര്‍ത്തി വെച്ചു.

രാജ്യസഭയില്‍ മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ രാജിയില്‍ ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. ധന്‍കറിന് യാത്രയയപ്പ് പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി.

അതിനിടെ പാര്‍ലമെന്റില്‍ നാടകം കളിക്കരുതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സഭകളില്‍ വിഷയങ്ങള്‍ ഉന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും നാടകമല്ല. അത് ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമാണ്.

ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ച നടത്താത്തതാണ് നാടകമെന്നും പ്രിയങ്ക പറഞ്ഞു. എസ്ഐആര്‍, വായു മലിനീകരണം തുടങ്ങിയ ഗുരുതരമായ പൊതുപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ഉദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19 ന് അവസാനിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.