ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന (എസ്ഐആര്‍) കേരളത്തില്‍ വീണ്ടും നീട്ടി സുപ്രീം കോടതി. ഡിസംബര്‍ 20 വരെയാണ് നീട്ടി നല്‍കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.
രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടി നല്‍കാം എന്നാണ് വിശദീകരിച്ചത്.
എന്നാല്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം നീട്ടി നല്‍കിയത്. നേരത്തെ കേരളത്തില്‍ മാത്രമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരാഴ്ച സമയം നീട്ടി നല്‍കിയിരുന്നു.