ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സിദ്രയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഓഫിസിന് സമീപം സ്‌നൈപ്പര്‍ റൈഫിളുകളില്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ടെലിസ്‌കോപ്പ് കണ്ടെത്തി.
എന്‍ഐഎ ഓഫിസിന് സമീപത്തെ ചവര്‍കൂനയില്‍ നിന്നാണ് ആറ് വയസുകാരനായ കുട്ടിക്ക് ടെലിസ്‌കോപ്പ് ലഭിച്ചത്. കുട്ടി ടെലിസ്‌കോപ്പ് ഉപയോഗിച്ച് കളിക്കുന്നത് കണ്ട കുടുംബാംഗത്തിന് സംശയം തോന്നിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇന്നലെയാണ് സംഭവം. അതിസുരക്ഷാ സ്ഥലത്ത് നിന്ന് റൈഫിള്‍ ടെലിസ്‌കോപ്പ് കണ്ടെത്തിയതിന് പിന്നാലെ ജമ്മു കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു റൂറല്‍ പൊലീസ് സ്ഥലത്തെത്തി ടെലിസ്‌കോപ്പ് കൂടുതല്‍ പരിശോധനക്കായി ഏറ്റെടുത്തു. സ്‌നൈപ്പര്‍ കം അസോള്‍ഡ് റൈഫിളില്‍ ഉപയോഗിക്കുന്നതാണ് ടെലിസ്‌കോപ്പ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, മൊബൈല്‍ ഫോണില്‍ നിന്ന് പാകിസ്ഥാന്‍ നമ്പര്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുപത്തിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാംബ ജില്ലയിലെ ദിയാനി ഗ്രാമത്തില്‍ നിന്ന് തന്‍വീന്‍ അഹമ്മദിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് യുവാവ്.