തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടുന്ന കോണ്‍ഗ്രസിലെ എംപിമാര്‍ക്ക് ഹൈക്കമാന്‍ഡിന്റെ റെഡ് സിഗ്നല്‍. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പ് സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 18 ഇടത്തും യുഡിഎഫാണ് വിജയിച്ചത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്.
മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.
കണ്ണൂരിലാണ് കെ. സുധാകരന് താല്‍പര്യം. അടൂര്‍ പ്രകാശിന് കോന്നിയിലും. നേമം/ തിരുവനന്തപുരം - ശശി തരൂര്‍, ആലപ്പുഴ/ ഇരിക്കൂര്‍ - കെ.സി വേണുഗോപാല്‍, കൊട്ടാരക്കര/ അടൂര്‍/ മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ്, പട്ടാമ്പി- ഷാഫി പറമ്പില്‍ എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ എംപിമാരുടെ നോട്ടം.
ഇത്തവണ യുഡിഎഫ് വിജയിക്കുമെന്നും അധികാരത്തിലേറിയാല്‍ മന്ത്രിക്കസേര ലഭിച്ചേക്കാമെന്നതുമാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാരെ പ്രലോഭിപ്പിക്കുന്നത്.
എന്നാല്‍ ഇനിയും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഒഴിവാക്കണമെന്നും എംപിമാര്‍ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം.
നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
നിയമസഭയിലേക്ക് എംപിമാര്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മറ്റ് എംപിമാരെയും മത്സരിക്കാന്‍ അനുവദിക്കരുതെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ മത്സരിച്ച് ജയിക്കാന്‍ സാധ്യതയുള്ള ഒരുപാട് നേതാക്കള്‍ ഉള്ളപ്പോള്‍ എന്തിനാണ് എംപിമാരെ അനാവശ്യമായി സീറ്റ് കൊടുത്ത് മത്സര രംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു എംപിക്കുള്ള പ്രാധാന്യം എല്ലാവരും മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയുള്ള പോരാട്ടം ഓരോ ദിവസവും ശക്തിപ്പെടുമ്പോള്‍ ചില നേതാക്കള്‍ എന്തിനാണ് കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.