ന്യൂഡല്‍ഹി: തെരുവ് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെ വിമര്‍ശിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മനേക ഗാന്ധി കോടതി അലക്ഷ്യം നടത്തിയെന്ന് വിമര്‍ശിച്ചത്
മനേക ഗാന്ധി കോടതിക്കെതിരെ എല്ലാ വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും നടത്തിയിട്ടുണ്ടെന്നും കോടതിയുടെ ഔദാര്യം കാരണമാണ് അവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കാത്തതെന്നും ബെഞ്ച് വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ തെരുവ് നായ പ്രശ്‌നം ഇല്ലാതാക്കാന്‍ മനേക ഗാന്ധി എന്ത് ബജറ്റ് വിഹിതമാണ് നല്‍കിയതെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവ് നായകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നടപ്പിലാക്കാത്തതിലും കോടതി ആശങ്ക രേഖപ്പെടുത്തി. കോടതിയുടെ പരാമര്‍ശങ്ങളോട് മനേക ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് നായ കടിയേല്‍ക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ ഇതിന് വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ജനുവരി 13 ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ, കോടതി ഇന്ത്യയിലുടനീളം വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും രാജ്യത്തെ ജനങ്ങളെ വിഭജിച്ചുവെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു.
നിലവിലുള്ള മൃഗക്ഷേമ നിയമം മികച്ചതാണെന്നും ആ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്‍കുന്നത് ശരിയല്ലെന്നും ജഡ്ജിമാരുടെ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. പ്രശ്‌നം നായ്ക്കളല്ലെന്നും നഗരസഭകളുടെ വന്ധ്യംകരണ പദ്ധതികള്‍ കടലാസില്‍ മാത്രമൊതുങ്ങുന്നതും മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകളുമാണെന്നും മനേക ഗാന്ധി വാദിച്ചിരുന്നു.