ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിയമിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെ നാട്ടിലെത്തിക്കും. ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്.
എന്നാല്‍ ധാക്കയിലെ ഹൈക്കമ്മീഷനും ചിറ്റഗോങ്്, ഖുല്‍ന, രാജ്ഷാഹി, സില്‍ഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് നയതന്ത്ര കാര്യാലയങ്ങളും തുടര്‍ന്നും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ അവിടെ തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ എപ്പോള്‍ മടങ്ങുമെന്നും ബംഗ്ലാദേശില്‍ എത്ര ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്ന കണക്കുകള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല.
അതേസമയം, ബംഗ്ലാദേശിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ വര്‍ധനവും സുരക്ഷാ സാഹചര്യങ്ങളും മുന്‍നിര്‍ത്തി അവിടത്തെ ഇന്ത്യന്‍ നയതന്ത്ര പോസ്റ്റിങുകളെ 'നോണ്‍ ഫാമിലി' (കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ അനുവാദമില്ലാത്ത) വിഭാഗത്തിലേക്ക് മാറ്റാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത്തരമൊരു നിബന്ധനയുള്ളത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യ നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്.
ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ പുതിയ നടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 12 ന് വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണശേഷം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമണങ്ങളും വര്‍ധിച്ചിരിക്കുകയാണ്.