അഗർത്തല: ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളിൽ സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്തെത്തി. നോർത്ത് ത്രിപുരയിലെ ധർമ്മനഗർ സഖായ്ബാരി ഹോളി ക്രോസ് കോൺവെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവർത്തകർ സംഘടിച്ചെത്തി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സ്കൂൾ അധികൃതർ ഈ ആവശ്യം തള്ളി.
സ്കൂൾ ക്യാമ്പസിനുള്ളിൽ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജൻസിയുടെ കൃത്യമായ ചട്ടം ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് വിഎച്ച്പിയുടെ ആവശ്യം നിരസിച്ചത്. സ്ഥാപനം തുടങ്ങിയ കാലം മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ടെന്നും ഇത് എല്ലാവർക്കും ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
തുടർന്ന് സ്കൂളിന് മുന്നിൽ കൂടുതൽ വിഎച്ച്പി പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ സംഘടനകൾ നടത്തുന്ന ഇത്തരം നീക്കങ്ങൾ വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.