യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും.
ന്യൂഡല്‍ഹി: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരു കക്ഷികളും ഒപ്പിട്ടു. നയതന്ത്രം, വാണിജ്യം എന്നിവയിലെ ഏറ്റവും നിര്‍ണായക വ്യാപാര ഇടപാടുകളില്‍ ഒന്നായി മാറാന്‍ സാധ്യതയുള്ളതാണ് ഈ കരാര്‍.
പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ലക്ഷ്യമിടുന്നത്. 'മദര്‍ ഓഫ് ഡീല്‍സ്' എന്ന പേരില്‍ വിശേഷിക്കപ്പെട്ട ഈ കരാര്‍ എണ്ണ-വാതക മേഖലയ്ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2004 മുതല്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തന്ത്രപരമായ പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍, ബഹുമുഖത്വം, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര ക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയില്‍ വേരൂന്നിയ ഒരു ബന്ധമായിരുന്നു അത്.
സാമ്പത്തികമായി, ഇരു വിഭാഗങ്ങളും ഇതിനകം തന്നെ ആഴത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചരക്കുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2024-25 ല്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 136 ബില്യണ്‍ യു.എസ് ഡോളറിലെത്തിയിരുന്നു.
27 രാജ്യങ്ങള്‍ അടങ്ങുന്നതാണ് യൂറോപ്യന്‍ യൂണിയന്‍. പുതിയ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലകളില്‍ വന്‍ തോതില്‍ നികുതി കുറയും.
കരാര്‍ ഒരു തുടക്കം മാത്രമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയന്‍ അഭിപ്രായപ്പെട്ടു. യൂറോപും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണ്. 'മദര്‍ ഓഫ് ഓള്‍ ഡീല്‍സി'ല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇരുവിഭാഗത്തിനും ഗുണമുണ്ടാകുന്ന തരത്തില്‍ 200 കോടി ജനങ്ങളുടെ ഫ്രീ ട്രേഡ് സോണാണ് നിലവില്‍ വരുന്നതെന്നും തന്ത്രപരമായ ബന്ധം ഇനിയും ശക്തമാകുമെന്നും അവര്‍ പറഞ്ഞു.
ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് കരാര്‍ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ലോകത്തെ ഏറ്റവും വലിയ വ്യാപാരകരാറാണിതെന്ന വിശേഷണവുമുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഒരു ഭാഗത്ത് നില്‍ക്കുമ്പോഴാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി ഒരു കരാര്‍ ഒപ്പിടുന്നത്.
അതിനിടെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറിനെതിരെ അമേരിക്ക രംഗത്തെത്തി. ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ സഹായിക്കുകയാണെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് കുറ്റപ്പെടുത്തി.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനാണ് അമേരിക്ക ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി കരാറിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെത്തുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് യൂറോപിന് വില്‍ക്കുകയാണ്. യൂറോപ്പിനെതിരായ യുദ്ധത്തിന് യൂറോപ്പ് തന്നെ ഫണ്ട് ചെയ്യുകയാണെന്നും ബസന്റ് പറഞ്ഞു.