വ്യവസായങ്ങള്‍ പൂട്ടിക്കലും തൊഴിലാളി ചൂഷണവും; രാജ്യത്തെ വ്യാവസായിക സ്തംഭനത്തിന് പ്രധാന കാരണം തൊഴിലാളി സംഘടനകളെന്ന് സുപ്രീം കോടതി

വ്യവസായങ്ങള്‍ പൂട്ടിക്കലും തൊഴിലാളി ചൂഷണവും; രാജ്യത്തെ വ്യാവസായിക സ്തംഭനത്തിന് പ്രധാന കാരണം തൊഴിലാളി സംഘടനകളെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക സ്തംഭനത്തിന് മുഖ്യ കാരണം തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണെന്ന് സുപ്രീം കോടതി. തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്തുടനീളം നിരവധി വ്യാവസായിക യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിന് കാരണമായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

പെണ്‍ തൊഴിലര്‍ സംഘം, മറ്റ് ട്രേഡ് യൂണിയനുകള്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം.
സാമ്പത്തിക വളര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ സ്വാധീനത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചുകൊണ്ട് കൊടി പിടിക്കുന്ന യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം നിരവധി പരമ്പരാഗത വ്യവസായങ്ങള്‍ അടച്ച് പൂട്ടിയതായി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ജോലി ചെയ്യാതെ ആക്രമണാത്മക സംഘടനാ പ്രവര്‍ത്തനം വ്യാവസായിക വികസനത്തെ സാരമായി തടസപ്പെടുത്തിയതായി അദേഹം പറഞ്ഞു. തൊഴിലാളി ചൂഷണം നിലനില്‍ക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. തൊളിലാളി സംഘടനകള്‍ തൊഴിലാളികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക, വ്യക്തിഗത അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക തുടങ്ങിയ ബദല്‍ പരിഷ്‌കാരങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. അല്ലാതെ വിനാശകരമായ മാര്‍ഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളല്ല ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉള്‍പ്പെടെയുള്ള ക്ഷേമ നടപടികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് അത്തരം നടപടികള്‍ വ്യക്തിഗത, കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള വ്യാപകമായ കേസുകള്‍ക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി.

സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും മിനിമം വേതനവും പ്രതിവാര അവധികളും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു. നല്ല ഉദ്ദേശ്യത്തോടെയുള്ള ക്ഷേമ ഇടപെടലുകള്‍ ചിലപ്പോള്‍ ഉദേശിക്കാത്ത ഫലങ്ങള്‍ ഉണ്ടാക്കുമെന്നും അത് കൂടുതല്‍ ചൂഷണത്തിലേക്ക് നയിക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ സാധ്യതകള്‍ പരിഗണിക്കാതെ മിനിമം വേതനം നിശ്ചയിക്കുന്നത് ഗാര്‍ഹിക തൊഴിലാളികളെ തേടുന്നതില്‍ നിന്ന് കുടുംബങ്ങളെ നിരുത്സാഹപ്പെടുത്തിയേക്കാമെന്നും അതിലൂടെ തൊഴിലാളികളുടെ അവസ്ഥ വഷളാക്കിയേക്കാമെന്നും കോടത നിരീക്ഷിച്ചു.

ഏജന്‍സി വഴിയുള്ള നിയമനം പരമ്പരാഗതമായി ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മിലുള്ള വിശ്വാസ ബന്ധത്തെ പലപ്പോഴും ദുര്‍ബലപ്പെടുത്തുന്നു. ഇത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സുപ്രീം കോടതി തന്നെ ഒരു ഏജന്‍സി വഴി തൊഴിലാളികളെ നിയമിച്ചപ്പോള്‍, ഒരു തൊഴിലാളിക്ക് 40,000 രൂപ ചെലവഴിച്ചെങ്കിലും ജീവനക്കാര്‍ക്ക് ലഭിച്ചത് 19,000 രൂപ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

യൂണിയന്‍ സമ്മര്‍ദ്ദം വഴി മിനിമം വേതനം നടപ്പിലാക്കുന്നത് കുടുംബങ്ങളെ നിയമ തര്‍ക്കങ്ങളിലേക്ക് വലിച്ചിഴച്ചേക്കാം. ഹര്‍ജി പരിഗണിക്കാതെ തള്ളിക്കളയുകയാണെന്നും ആവശ്യപ്പെട്ട പരിഹാരങ്ങള്‍ നിയമ നിര്‍മാണത്തിനുള്ള നിര്‍ദേശമാണെന്നും അത് കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും കോടതി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.