ന്യൂഡല്‍ഹി: പത്മശ്രീ ജേതാവ് അന്തരിച്ച മലയാളി വൈദികന്‍ ഫാ. തോമസ് വി. കുന്നുങ്കലി(99)ന്റെ സംസ്‌കാരം ഡല്‍ഹിയില്‍ നടന്നു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യം അദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. തുല്യതയ്ക്കുള്ള ശരിയായ മാര്‍ഗം വിദ്യാഭ്യാസമാണെന്നും അത് പരമാവധിപ്പേരില്‍ എത്തണമെന്നും അതിന് താനൊരു ഉപകരണമാകണമെന്നും ഉറച്ച് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ. തോമസ് കുന്നുങ്കല്‍.
ഡല്‍ഹി സിവില്‍ ലൈന്‍സിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനോട് ചേര്‍ന്നുള്ള ജെസ്യൂട്ട് ഭവനത്തിലായിരുന്നു അദേഹത്തിന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്. ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു സംസ്‌കാരം. സിബിഎസ്ഇ മുന്‍ ചെയര്‍മാനും 1989 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1974 ലാണ് അദേഹത്തിന് പത്മശ്രീ നല്‍കിയത്.

1962 മുതല്‍ 1979 വരെ ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ ചെയര്‍മാന്‍ സ്ഥാനം അദേഹം ഏറ്റെടുത്തത്. മാത്രവുമല്ല ഒരു ക്രൈസ്തവ പുരോഹിതന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായത് അക്കാലത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഗ്രേഡിങ് സമ്പ്രദായം, കുട്ടികളുടെ ചിന്താ ശേഷിയും സര്‍ഗാത്മകതയും അളക്കുന്ന രീതിയിലേക്ക് ചോദ്യ പേപ്പറുകളില്‍ വരുത്തിയ പരിഷ്‌കരണം, 10,+2 സമ്പ്രദായം തുടങ്ങിയവയൊക്കെ സിബിഎസ്ഇ ചെയര്‍മാനായിരിക്കെ അദേഹം നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്‌കാരങ്ങളായിരുന്നു.

ദേശീയ അധ്യാപക കമ്മീഷന്‍, ദേശീയ വിദ്യാഭ്യാസ നയം (1986) പുനപരിശോധിക്കാനുള്ള കമ്മീഷന്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സുപ്രധാന സമിതികളില്‍ അദേഹം അംഗമായിരുന്നു.
ആലപ്പുഴയിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച ഫാ. തോമസിന് ചെറുപ്പം മുതല്‍ അറിവിനോടും ആധ്യാത്മികതയോടും ആഴമേറിയ താല്‍പര്യം ഉണ്ടായിരുന്നു. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കും സ്‌കൂളില്‍ പോയി പഠിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ സാഹചര്യമൊക്കിയ ഓപ്പണ്‍ സ്‌കൂളിന്റെ സ്ഥാപനത്തിന് വഴിയൊരുക്കിയ ഫാ. തോമസ് വി. കുന്നുങ്കലിന്റെ സംഭാവനകള്‍ രാജ്യം എക്കാലവും ഓര്‍മ്മിക്കും.
തന്നെക്കുറിച്ചും രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങളുള്ള ജസ്വിറ്റ് വൈദികനായിരുന്നു ഫാ. തോമസ്. തുല്യതയ്ക്കുള്ള ശരിയായ മാര്‍ഗം വിദ്യാഭ്യാസമാണെന്നും അത് പരമാവധിപ്പേരില്‍ എത്തണമെന്നും അതിനു താനൊരു ഉപകരണമാകണമെന്നും അദേഹത്തിന് തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു. അപ്രകാരമുള്ളതായിരുന്നു 1962 ല്‍ ഡല്‍ഹിയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായ ഫാ. ടോമിന്റെ പ്രവര്‍ത്തനങ്ങള്‍. പത്മശ്രീ അതിനുള്ള അംഗീകാരമായിരുന്നു.

1960 കളില്‍ സെന്റ് സേവ്യേഴ്സിലെ വിദ്യാര്‍ഥിയായിരുന്ന അന്തരിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഫാ. തോമിനെ വിശേഷിപ്പിച്ചിരുന്നത്, 'എന്റെ പ്രിന്‍സിപ്പല്‍' എന്നാണ്. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ഓപ്പണ്‍ സ്‌കൂള്‍ തുടങ്ങാനുള്ള രൂപ രേഖയുടെ പ്രധാന ശില്‍പിയായി മാറി അദേഹം. ഓപ്പണ്‍ സ്‌കൂള്‍ തുടങ്ങിയത് മുതല്‍ 1992 വരെ അതിന്റെ അധ്യക്ഷന്‍. ദേശീയ അധ്യാപക കമ്മിഷനിലും വിദ്യാഭ്യാസ നയ അവലോകനത്തിനും ഉള്ള ദേശീയ കമ്മിഷനിലും അംഗമായിരുന്നു അദേഹം.
അത്തരം ചുമതലകള്‍ ഒരു വൈദികനെ ഏല്‍പിക്കുമ്പോള്‍ സര്‍ക്കാര്‍ പരിഗണിച്ചത് അദേഹത്തിന് വിദ്യാഭ്യാസ മേഖലയെയും രാജ്യത്തെ വൈവിധ്യത്തെയും കുറിച്ചുള്ള വ്യക്തമായ ധാരണകളാണ്. ഇന്ത്യയിലെ മതപരവും വംശീയവുമായ വൈവിധ്യങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയണമെന്നായിരുന്നു ഫാ.തോമസ് വി. കുന്നുങ്കലിന്റെ പക്ഷം.