ന്യൂഡൽഹി: ബലൂചിസ്ഥാനിലെ സമാധാനം തകർക്കുന്നതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ്റെ ആരോപണം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാൻ്റെ ശ്രമമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ബലൂചിസ്ഥാൻ അക്രമത്തിൽ ഉൾപ്പെട്ട അക്രമികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാകിസ്ഥാൻ സൈനിക, ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. മേഖലയിലെ വിയോജിപ്പുകളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തുന്നതിന് പകരം പാകിസ്ഥാൻ സർക്കാർ ബലൂചിസ്ഥാൻ നിവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി വക്താവ് രൺധീർ ജയ്‌സ്വാൾ തിരിച്ചടിച്ചു.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പാകിസ്ഥാൻ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനം എന്നിവയുടെ ചരിത്രം എല്ലാവർക്കും അറിയാമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകി.
അതേസമയം കഴിഞ്ഞ 40 മണിക്കൂറിനിടെ പാകിസ്ഥാനി സെക്യൂരിറ്റി ഫോഴ്സ് നടത്തിയ തിരിച്ചടിയിൽ 145 സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ്റെ തെക്കു പടിഞ്ഞാറൻ മേഖലയിലാണ് കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ അതിർത്തി കടന്നെത്തുന്ന സായുധ സംഘമാണ് പാക് സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ആക്രമിച്ചത്.