ന്യൂഡല്‍ഹി: കാരവന്‍ മാസികയിലെ കരസേനാ മുന്‍ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മക്കുറിപ്പുകള്‍ രാഹുല്‍ ഗാന്ധി വായിച്ചത് ലോക്സഭയെ ബഹളത്തിലാക്കി.
രാഹുലിനെ തടസപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ളവര്‍ രംഗത്തെത്തിയതാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ലോക്‌സഭയില്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സഭയിലുണ്ടായിരുന്നു.
സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തിന് അടിവരയിടുന്നതിനായി രാഹുല്‍ കാരവന്‍ മാസികയില്‍ നിന്നുള്ള അച്ചടിച്ച പേജുകള്‍ പ്രദര്‍ശിപ്പിക്കുകയും അതിലെ ഭാഗങ്ങള്‍ വായിക്കുകയും ചെയ്തു. ദോക്ലാം വിഷയവും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്.
ഇതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് ആദ്യം ഇടപെട്ടത്. രാഹുല്‍ സഭയില്‍ കാണിക്കുന്ന ഓര്‍മ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന ചോദ്യമാണ് രാജ്നാഥ് ഉയര്‍ത്തിയത്. ഇത് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദേഹം പറഞ്ഞു.
തൊട്ടുപിന്നാലെ രാജ്നാഥ് സിങിനെ പിന്തുണച്ച് അമിത് ഷായും എഴുന്നേറ്റു. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ മാത്രം പറയണമെന്ന് അമിത് ഷാ രാഹുലിനോട് ആവശ്യപ്പെട്ടു. മാസികകള്‍ക്ക് എന്തും പ്രസിദ്ധീകരിക്കാം.
ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ലമെന്ററി നടപടികളുടെ ഭാഗമാകരുത് എന്നും അമിത് ഷാ വാദിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ എംപിമാരും ബഹളം വെച്ചു. രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ രംഗത്തെത്തി.
താന്‍ പറഞ്ഞത് നൂറ് ശതമാനം ആധികാരികമാണ്. നരവനെയെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സ്പീക്കര്‍ ഓം ബിര്‍ള മന്ത്രിമാര്‍ പറഞ്ഞിനോട് യോജിച്ചു. ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ച്, പത്രക്കട്ടിങുകള്‍, പുസ്തകങ്ങള്‍, മറ്റ് അംഗീകാരമില്ലാത്ത കാര്യങ്ങള്‍ എന്നിവ സഭയില്‍ ഉദ്ധരിക്കാന്‍ കഴിയില്ല. തുടര്‍ന്ന് അദേഹം രാഹുല്‍ ഗാന്ധിയോട് ആ ഭാഗം ഒഴിവാക്കി പ്രസംഗം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.