സൗഹൃദം പുതുക്കി മോഡിയും ട്രംപും; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്; സ്ഥിരീകരിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ

സൗഹൃദം പുതുക്കി മോഡിയും ട്രംപും; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്; സ്ഥിരീകരിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ട്രംപ് അധികാരമേറ്റ ശേഷം നടന്ന നിർണായകമായ ഈ സംഭാഷണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദേഹം വ്യക്തമാക്കി.

ആഗോള സമാധാനം, സാമ്പത്തിക സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ കാര്യങ്ങളും ചർച്ചയിൽ വിഷയമായി. വ്യാപാര-വാണിജ്യ രംഗങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വരുംനാളുകൾ സാക്ഷ്യം വഹിക്കുകയെന്നും സെർജിയോ ഗോർ സൂചിപ്പിച്ചു.

ട്രംപിന് മോഡിയുമായുള്ള മുൻകാല സൗഹൃദം ഈ ഭരണകാലയളവിലും തുടരാൻ താൽപ്പര്യമുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭാഷണം. വരും മാസങ്ങളിൽ കൂടുതൽ ഉന്നതതല ചർച്ചകൾക്ക് ഇത് വഴിയൊരുക്കും.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽവെച്ച് മോഡി മികച്ച മനുഷ്യനും തൻ്റെ സുഹൃത്തുമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. മോഡിയോടുള്ള ബഹുമാനം എടുത്തുപറഞ്ഞ ട്രംപ് ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്നും ഇന്ത്യൻ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.