ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ആറ് മാസമായി റോയ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം.
റോയിക്ക് കട ബാധ്യതകളില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയിലുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു.
കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങിയേക്കുമെന്ന സംശയത്തില്‍ ചില നിക്ഷേപകര്‍ പണം തിരിച്ച് ചോദിച്ചത് കൂടുതല്‍ സമ്മര്‍ദ്ദത്തിനിരയാക്കിയെന്നും വിവരമുണ്ട്. റോയി എഴുതിയ കുറിപ്പില്‍ നിക്ഷേപകരുടെ വിശദാംശങ്ങളുണ്ട്.
പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാകാത്തത് റോയിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതാണ് കടുത്ത തീരുമാനത്തിലേയ്ക്ക് നീങ്ങാന്‍ കാരണമായതെന്നുമാണ് സംശയിക്കുന്നത്.
കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം അദേഹം നടത്തിയ ഫ്‌ളാറ്റ് ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. കൊച്ചിയിലെ 156 ഫ്‌ളാറ്റുകള്‍ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി റെയ്ഡിലേക്ക് നയിച്ചതെന്നു കരുതുന്നു.
മരണത്തിന് തൊട്ടുമുമ്പ് ആരെയൊക്കെ റോയ് വിളിച്ചിരുന്നു എന്നറിയാന്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഡയറിലെ ഒമ്പതു പേജുകളിലായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരുണ്ടെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്.
റോയിക്ക് കടുത്ത മാനസിക വിഷമതകള്‍ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പുള്ള ദിനങ്ങളില്‍ ജയനഗറിലെ ഒരു ഡോക്ടറെയും റോയി സന്ദര്‍ശിച്ചിരുന്നുവെന്നും സൂചനയുണ്ട്.